ശക്തമായ മഴ: ചൈനയിൽ ഹൈവേ തകർന്ന് 24 പേർ മരിച്ചു

ബീജിംഗ്: ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ മഴയെ തുടർന്ന് അഞ്ച് ദിവസത്തെ തൊഴിലാളി ദിന അവധിക്ക് തുടക്കമായ മെയ് 1 ബുധനാഴ്ച ഹൈവേയുടെ ഒരു ഭാഗം തകർന്ന് 24 പേർ മരിച്ചു.

ഗ്വാങ്‌ഡോങ്ങിൻ്റെ വടക്കൻ മെയ്‌ഷൗ സിറ്റിയിലെ ഡാബു കൗണ്ടിയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് റോഡ് തകര്‍ന്നത്. മലയോര ഹൈവേയുടെ ഏകദേശം 18 മീറ്ററോളം താഴെയുള്ള വന ചരിവിലേക്ക് തകർന്നു, 20 വാഹനങ്ങളും 54 യാത്രക്കാരും കുടുങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റ 30 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും 500 ഓളം അഗ്നിശമന സേന, ആരോഗ്യം, ശുചിത്വം, മറ്റ് തൊഴിലാളികൾ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ അവസ്ഥ “ഇപ്പോൾ ജീവന് ഭീഷണിയല്ല” എന്ന് പ്രസ്താവനയിൽ പറയുന്നു, എന്നാൽ, അവരുടെ പരിക്കുകളുടെ തോത് വ്യക്തമാക്കിയിട്ടില്ല.

പ്രാദേശിക വാർത്താ ഔട്ട്‌ലെറ്റുകൾ പങ്കിട്ട ഫൂട്ടേജുകളും ചിത്രങ്ങളും തകർന്ന ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കാണിച്ചു. തകർന്ന ഹൈവേ ഗ്വാങ്‌ഡോംഗിനെ തെക്കുകിഴക്കൻ ഫുജിയാൻ പ്രവിശ്യയുമായി ബന്ധിപ്പിക്കുന്നതാണ്.

രക്ഷാപ്രവർത്തനം തുടരുന്നതിനാൽ എക്‌സ്പ്രസ് വേ അടച്ചിട്ടിരിക്കുകയാണ്. അപകട കാരണം അന്വേഷിച്ചു വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News