കൊച്ചിയിൽ നവജാത ശിശുവിനെ കടലാസില്‍ പൊതിഞ്ഞ് റോഡിലേക്ക് എറിഞ്ഞു കൊന്നു; ഫ്ലാറ്റിലെ താമസക്കാരി 24-കാരിയായ വിദ്യാര്‍ത്ഥിനിയുടെ ക്രൂരത നാടിനെ നടുക്കി

കൊച്ചി: കൊച്ചി നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള പനമ്പിള്ളി നഗറിൽ ഇന്ന് (മെയ് 3) പുലർച്ചെയാണ് നവജാത ശിശുവിനെ എറിഞ്ഞു കൊന്നത്.

ഒരു പാക്കറ്റിൽ പൊതിഞ്ഞ കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ അപ്പാർട്ട്‌മെൻ്റ് സമുച്ചയങ്ങളിലൊന്നിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞതെന്ന് സംശയിക്കുന്നു.

അപ്പാർട്ട്‌മെൻ്റുകൾ കേന്ദ്രീകരിച്ചാണ് കൊച്ചി സിറ്റി പോലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. കുഞ്ഞിന് ഒരു ദിവസം പ്രായമായെന്നാണ് റിപ്പോർട്ട്.

അതേസമയം, ബലാത്സംഗത്തിന് ഇരയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് കുറ്റസമ്മതം നടത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ എസ് ശ്യാംസുന്ദർ പറഞ്ഞു. അന്വേഷണം നടത്തി യുവതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെ കുറിച്ചോ, മകൾ ഗർഭിണിയായിരുന്നെന്നോ യുവതിയുടെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അച്ഛനും അമ്മയും മകളും അടങ്ങുന്ന കുടുംബമാണ് ഫ്ലാറ്റിലെ താമസക്കാർ. 24 കാരിയായ എംബിഎ വിദ്യാർത്ഥിനിയാണ് മകള്‍. പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഈ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റിൻ്റെ ബാൽക്കണിയിൽ നിന്നാണ് നവജാത ശിശുവിനെ എറിഞ്ഞത്.

റോഡിൻ്റെ മറുവശത്തെ കുറ്റിക്കാട്ടിലേക്ക് കുഞ്ഞിനെ എറിഞ്ഞത് റോഡിലേക്ക് വീണതാകാമെന്ന് സംശയിക്കുന്നു. അതിനിടെ ഫ്‌ളാറ്റിലെ താമസക്കാരുടെ പേരിൽ ഓൺലൈൻ പാഴ്‌സൽ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിഞ്ഞത്. ഇതും യുവതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചു. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

മൃതദേഹം കണ്ടെത്തിയ റോഡിൽ വച്ച് തന്നെയാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നതോടെ ജനങ്ങൾ വലിയ നടുക്കത്തിലാണ്. പനമ്പിള്ളി നഗറിൽ റോഡിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ ഫ്ലാറ്റിൽ നിന്നും കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നു. നവജാത ശിശു റോഡിൽ വീഴുന്ന നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് രാത്രി വൈകിയായിരിക്കാം മൃതദേഹം ഉപേക്ഷിച്ചതെന്ന നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം തുടങ്ങിയത്.

എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ രാവിലെ എട്ടുമണിയോടെ റോഡിലേക്ക് വലിച്ചെറിഞ്ഞതായി വ്യക്തമായത്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ പ്രഭാത ഭക്ഷണം കഴിക്കാനായി പോയ സമയത്താണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിഞ്ഞത്.

Print Friendly, PDF & Email

Leave a Comment

More News