കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് നവജാത ശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന സംഭവം; ഞെട്ടല്‍ മാറാതെ റെസിഡൻഷ്യൽ കോളനി നിവാസികള്‍

കൊച്ചി: ഇന്ന് (മെയ് 3 ന്) രാവിലെ കൊച്ചി നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള ഒരു പോഷ് റെസിഡൻഷ്യൽ ഏരിയയിലുള്ള ഇടുങ്ങിയ റോഡിൻ്റെ മധ്യത്തിൽ ഒരു ചെറിയ വെളുത്ത പായ്ക്കറ്റ് കിടക്കുന്നത് കണ്ടെങ്കിലും അധികമാരും അത് ശ്രദ്ധിച്ചില്ല.
പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ മാലിന്യം മറ്റൊരാളുടെ വീട്ടുപടിക്കൽ വലിച്ചെറിയുന്നത് ഒരു പതിവു കാഴ്ചയായിരിക്കെ അധികമാരും അതത്ര ഗൗനിച്ചതുമില്ല. രാവിലെ 8 മണിയോടടുത്ത സമയമായതുകൊണ്ട് എല്ലാവരും തിരക്കിലായിരുന്നു.

എന്നാല്‍, പായ്ക്കറ്റ് ആ വഴി വന്ന കരാർ ഡ്രൈവറായ ജിതിൻ കുമാറിന്റെ ശ്രദ്ധയില്‍ പെട്ടു. റോഡിന്റെ നടുവില്‍ കിടക്കുകയായിരുന്ന ആ പായ്ക്കറ്റ് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്ന് ജിതിന്‍ പറയുന്നു.

വഴിയരുകിൽ വാഹനം നിർത്തി അയാള്‍ പായ്ക്കറ്റ് കിടന്ന സ്ഥലത്തെത്തി. “അതൊരു പാവയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. അടുത്ത് ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ച ഒരു കുഞ്ഞാണതെന്ന് കണ്ടതെന്നും, കുഞ്ഞിനെ പൊതിഞ്ഞ കവർ
തൊട്ടടുത്ത് കിടക്കുന്നതും കണ്ടതെന്ന് ജിതിന്‍ പറഞ്ഞു. ആ കാഴ്ച ഹൃദയഭേദകമായിരുന്നു എന്നും അയാള്‍ പറഞ്ഞു.

8:30 ആയപ്പോഴേക്കും പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ആരംഭിച്ചു. മൃതദേഹത്തിന് ചുറ്റും ടാർപോളിൻ ടെൻ്റ് കെട്ടി ഇൻക്വസ്റ്റ് നടത്തുകയും ചെയ്തിരുന്നു. അപ്പോഴേക്കും പ്രദേശത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടി.

താമസിയാതെ, നവജാത ശിശുവിനെ സമീപത്തെ അപ്പാർട്ട്‌മെൻ്റുകളിലൊന്നിൽ നിന്ന് വലിച്ചെറിഞ്ഞതായി കണ്ടെത്തി. രണ്ട് ബ്ലോക്കുകളുള്ള അപ്പാർട്ട്‌മെൻ്റ് സമുച്ചയത്തിൽ 21 യൂണിറ്റുകളാണുള്ളത്, അതിൽ മൂന്നെണ്ണം ആളില്ലാത്തവയായിരുന്നു.

“ഞങ്ങൾ ആശാ പ്രവർത്തകരെ വിളിച്ചുവരുത്തി. എന്നാൽ, കൊച്ചി കോർപ്പറേഷനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, പ്രസ്തുത അപ്പാർട്ടുമെൻ്റുകളിൽ ഗർഭിണികൾ ഇല്ലായിരുന്നു. ബന്ധപ്പെട്ട ആശ വർക്കറുടെ മൊഴി പോലീസ് എടുത്തിരുന്നു,” അയൽപക്കത്തെ ഏലംകുളം ഡിവിഷൻ കൗൺസിലർ ആൻ്റണി പൈനുംതറ പറഞ്ഞു.

പാക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്തു
കുഞ്ഞിനെ പൊതിഞ്ഞ ഇ-കൊമേഴ്‌സിന്റെ വെള്ള പാക്കറ്റിൽ ഒരു വിലാസമുണ്ടായിരുന്നെങ്കിലും രക്തം പുരണ്ടതിനാല്‍ പൂര്‍ണ്ണമായും വ്യക്തമായിരുന്നില്ല. അതിനാല്‍ പോലീസിന് വീടുവീടാന്തരം കയറിയിറങ്ങേണ്ടി വന്നു. എന്നാല്‍, പായ്ക്കറ്റില്‍ ബാര്‍ കോഡ് ഉണ്ടായിരുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയും, അത് സ്കാന്‍ ചെയ്തപ്പോള്‍ ഒരു നിർദ്ദിഷ്ട വിലാസം ലഭിക്കുകയും ചെയ്തു. മൂന്നംഗ കുടുംബം താമസിക്കുന്ന അഞ്ചാം നിലയിലെ അപ്പാർട്ട്മെന്റ് അഡ്രസ് ആയിരുന്നു അത്. ഭർത്താവും ഭാര്യയും അവരുടെ 23 വയസ്സുള്ള അവിവാഹിതയായ മകളുമാണ് അവിടത്തെ താമസക്കാരെന്ന് പോലീസ് കണ്ടെത്തി.

“പാക്കറ്റിലെ വിലാസത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് അപ്പാർട്ട്മെൻ്റിൽ അന്വേഷണം നടത്തുകയും, കുളിമുറിയിൽ രക്തക്കറ കണ്ടെത്തുകയും ചെയ്തു,” ഡിവിഷൻ കൗൺസിലർ പറഞ്ഞു.

റോഡിന് അഭിമുഖമായുള്ള ബാൽക്കണിയിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞതാകാമെന്നാണ് റിപ്പോർട്ടുകൾ. റോഡിന് കുറുകെ ഒരു താൽക്കാലിക ഡംപ് യാർഡായിരുന്നു. ഒരുപക്ഷേ അത് ലക്ഷ്യം വെച്ച് എറിഞ്ഞതായിരിക്കാം എന്ന് കൗണ്‍സിലര്‍ പറഞ്ഞു.

റോഡിന് അഭിമുഖമായി നിൽക്കുന്ന അപ്പാർട്ട്‌മെൻ്റിൻ്റെ മതിലിന് സമീപമുള്ള സിസിടിവിയിൽ ഭാഗികമായെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഒരു മരക്കൊമ്പിന് മുകളിലൂടെ ഒരു പായ്ക്കറ്റ് പറക്കുന്നതായി കാണിച്ചെങ്കിലും അത് എറിഞ്ഞ ആളെ കാണാനില്ലായിരുന്നു. എതിർവശത്തെ അപ്പാർട്ട്‌മെൻ്റിലെ സിസിടിവിയിലൊന്നും ആളുടെ ദൃശ്യം പതിഞ്ഞിട്ടുമുണ്ടായിരുന്നില്ല.

മാതാപിതാക്കള്‍ക്ക് അറിവില്ല: പോലീസ്
ഉച്ചയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കിയപ്പോഴേക്കും ജില്ലാ പോലീസ് മേധാവി (കൊച്ചി സിറ്റി) എസ്.ശ്യാംസുന്ദർ സംഭവസ്ഥലത്തെത്തി. പിന്നീട് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അദ്ദേഹം, ദമ്പതികളുടെ ഏക മകൾ പുലർച്ചെ അഞ്ച് മണിക്ക് കുളിമുറിയിൽ കുഞ്ഞിനെ പ്രസവിക്കുകയും മൂന്ന് മണിക്കൂറിന് ശേഷം മാതാപിതാക്കളറിയാതെ കുഞ്ഞിനെ വലിച്ചെറിയുകയും ചെയ്തു. “യുവതിയുടെ മൊഴി പ്രകാരം, ബലാത്സംഗത്തെ അതിജീവിച്ചവളാണ്,” എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“യുവതിയെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു, പ്രസവത്തെക്കുറിച്ചോ അവൾ ഗർഭിണിയാണെന്ന വസ്തുതയെക്കുറിച്ചോ മാതാപിതാക്കൾക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. തത്ക്കാലം യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കുഞ്ഞ് മരിച്ചതെങ്ങനെ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്നും മാത്രമേ അറിയാൻ കഴിയൂ,” ശ്യാംസുന്ദർ പറഞ്ഞു.

അതിനിടെ, മാധ്യമ സംഘത്തിന്റെ ശ്രദ്ധയില്‍ പെടാതെ യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പോലീസ് എത്തിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.

Print Friendly, PDF & Email

Leave a Comment

More News