തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐ കോടതിയിൽ ഹാജരാക്കി. പിതാവ് ജെയിംസ് ജോസഫ് സമർപ്പിച്ച കേസ് ഡയറിയും രേഖകളും പരിശോധിച്ച ശേഷം കേസിൽ തുടരന്വേഷണം വേണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. ഹർജി മെയ് എട്ടിന് കോടതി പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം കേസ് ഡയറി ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ ഹാജരായില്ല. കേസ് ഡയറി പരിശോധിച്ച ശേഷം ഹരജിക്കാരൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കേണ്ടതുണ്ടെങ്കിൽ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നാണ് കോടതിയുടെ അഭിപ്രായം.
പത്തനംതിട്ട മുക്കോട്ടുത്തറ കല്ലുമൂല കുന്നത്ത് ഹൗസില്‍ നിന്ന് 2018 മാര്‍ച്ച് 22 ന് ആണ് ജെസ്‌നയെ കാണാതാകുന്നത്. ജെസ്‌ന രഹസ്യമായി വ്യാഴാഴ്‌ച പ്രാര്‍ത്ഥനയക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്ന് പിതാവ് അവകാശപ്പെടുന്നു. ജെസ്‌നയെ കാണാതായതും ഒരു വ്യാഴാഴ്‌ചയാണ്.
സിബിഐ അന്വേഷണം ഈ വഴിക്ക് എത്തിയിട്ടില്ലെന്ന് പിതാവ് നൽകിയ ഹർജിയിൽ പറയുന്നു. ജെസ്നയുടെ സഹപാഠിയെ സിബിഐ സംശയിച്ചിരുന്നു. ഇയാളെ സിബിഐ സംഘം പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കി. ജസ്‌നയെ കാണാതായതിന്റെ കണ്ടെത്തിയതിൻ്റെ തലേദിവസം അമിത രക്തസ്രാവമുണ്ടായതിൻ്റെ കാരണം കണ്ടെത്താൻ സിബിഐ സംഘം ശ്രമിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.