മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ വർധിപ്പിച്ച മുപ്പത് ശതമാനം മാർജിനൽ സീറ്റ് പ്രശ്നത്തിന് പരിഹാരമേയല്ല. ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുന്ന അകാദമികവും അല്ലാതെയുമായ പ്രശ്നങ്ങൾ ഉണ്ടാക്കാനേ ഈ സീറ്റുവർധനവ് വഴിവെക്കൂവെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്‌സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കന്ററിയില്ലാത്ത ഗവ.ഹൈസ്കൂളുകളെ അപ്ഗ്രേഡ് ചെയ്തും ആവശ്യമായ പുതിയ ബാച്ചുകളനുവദിച്ചുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്ന പ്രഫ. വി കാർത്തികേയൻ റിപ്പോർട്ട് ഈ അധ്യയന വർഷം തന്നെ നടപ്പാക്കാൻ സർക്കാർ തയ്യാറായേ പറ്റൂ. അല്ലാത്ത ശ്രമങ്ങളെല്ലാം ഇരുട്ട് കൊണ്ട് ഓട്ടടക്കുന്നതിന് തുല്യമാണെന്നും എക്‌സിക്യുട്ടീവ് വിലയിരുത്തി.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.