ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ആക്രമണത്തിന് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അധികൃതർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് അമേരിക്ക തങ്ങളുടെ യുദ്ധവിമാനങ്ങളും ആളില്ലാ വിമാനങ്ങളും മറ്റ് സൈനിക വിമാനങ്ങളും ഖത്തറിലേക്ക് മാറ്റുന്നു.
മുന്നറിയിപ്പ് നല്‍കാതെ യെമനിലും ഇറാഖിലും ആക്രമണം നടത്താൻ അൽ ദഫ്ര എയർ ബേസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുഎസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇനി അനുവദിക്കില്ലെന്ന് എമിറാത്തി അധികൃതർ ഫെബ്രുവരിയിൽ യുഎസിനെ അറിയിച്ചിരുന്നു.
ഇറാഖിലെയും യെമനിലെയും ലക്ഷ്യങ്ങൾക്കെതിരായ സ്‌ട്രൈക്ക് മിഷനുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും, ഈ നിയന്ത്രണങ്ങൾ സ്വയം സംരക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും യു എ ഇ അധികൃതര്‍ പറഞ്ഞു.
തലസ്ഥാനമായ അബുദാബിയിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ തെക്ക് മാറിയാണ് അൽ ദഫ്ര എയർ ബേസ് സ്ഥിതി ചെയ്യുന്നത്.
ഖത്തർ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ അൽ ഉദെയ്ദിലേക്ക് വിമാനങ്ങൾ അയക്കാന്‍ യുഎസ് കമാൻഡർമാരെ പ്രേരിപ്പിച്ചതായി യുഎസ് അധികൃതർ പറഞ്ഞു.
ഈ തീരുമാനം യുഎസും പേർഷ്യൻ ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സംഘർഷങ്ങളെ ഉയർത്തിക്കാട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.