ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് ബുഖാറയുടെ ആദരം;ഹദീസ് പഠനമേഖലയിലെ സംഭാവനകൾക്ക് ആഗോള പ്രശംസ

ഉസ്‌ബസ്‌കിസ്ഥാനിലെ ബുഖാറയിൽ നടന്ന പണ്ഡിത സംഗമത്തിൽ താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിർമിദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി ശൈഖ് അബൂബക്കർ അഹ്‌മദിനെയും ഹബീബ് ഉമർ ബിൻ ഹഫീള് നെയും ആദരിച്ചപ്പോൾ

ബുഖാറ (ഉസ്‌ബസ്‌കിസ്ഥാൻ): ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് അബൂബക്കർ അഹ്‌മദിന് (കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്) ഇമാം ബുഖാരിയുടെ ജന്മനാടിന്റെ ആദരം. ബുഖാറയിലെ സറഫ്ഷോൻ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മധ്യേഷ്യൻ രാജ്യങ്ങളിലെ മുഫ്തിമാരും ഖാളിമാരും ചേർന്ന് ആദരസൂചകമായി ഗ്രാൻഡ് മുഫ്തിയെ ‘ഹിർഖത്തുൽ ബുഖാരിയ്യ’ വസ്ത്രം അണിയിച്ചു. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഒരു മുസ്‌ലിം പണ്ഡിതൻ ഇതാദ്യമായാണ് ഒരു മധ്യേഷ്യൻ രാജ്യത്ത് ഇത്തരമൊരു ആദരം ഏറ്റുവാങ്ങുന്നത്.

വിശ്വപ്രസിദ്ധ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ പഠനത്തിനും പ്രചാരണത്തിനും നൽകിയ സേവനങ്ങളും, ഇന്ത്യ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന വൈജ്ഞാനിക പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഗ്രാൻഡ് മുഫ്തിക്ക് ആദരം നൽകിയത്. പ്രമുഖ യമനി പണ്ഡിതനും ദാറുൽ മുസ്തഫ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ ശൈഖ് ഉമർ ഹഫീളും ചടങ്ങിൽ ആദരം ഏറ്റുവാങ്ങി. ഹദീസ് പഠനത്തിനു നൽകിയ സവിശേഷ സംഭാവനകളും അന്താരാഷ്ട്ര തലത്തിൽ പുതിയ പ്രബോധന സാധ്യതകൾ കണ്ടെത്തി വ്യാപിപ്പിക്കുന്നതിലും വഹിച്ച നേതൃപരമായ പങ്കിനെ മുൻനിർത്തിയാണ് ഇരു പണ്ഡിതന്മാരെയും ആദരവിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും ഹബീബ് ഉമർ ഹഫീളും ചേർന്നുള്ള കൂട്ടായ്മകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവരുന്ന പ്രബോധന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ ആദരം.

ആദരവ് ചടങ്ങിന് താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മതുല്ലാഹി തിർമിദി, ബുഖാറ മുഫ്തി ശൈഖ് ജാബിർ ഏലോവ്, സുർഖൻദരിയ ഖാളി ശൈഖ് അലി അക്ബർ സൈഫുല്ലാഹ് തിർമിദി എന്നിവർ നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന പണ്ഡിത സംഗമം ചെച്നിയൻ പ്രസിഡന്റ് റമളാൻ കെദിറോവിന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് ആദം ശഹീദോവ് ഉദ്ഘാടനം ചെയ്തു. പാശ്ചാത്യ ലോകത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതനായ ശൈഖ് യഹ്‌യ റോഡസ് വിശിഷ്ടാതിഥിയായി.ശൈഖ് ഹബീബ് ജിൻദാൻ ഇന്തോനേഷ്യ, ഹബീബ് അലി സൈനുൽ ആബിദീൻ മലേഷ്യ, സാലിം ബിൻ ഹഫീള് ഉമർ യമൻ സംഗമത്തിൽ സംസാരിച്ചു. ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള പണ്ഡിതരും അതിഥികളും ചടങ്ങിൽ സംബന്ധിച്ചു. ഇമാം ബുഖാരിയുടെ വൈജ്ഞാനിക ജീവിതവും ദീനി സേവനവും അനുധാവനം ചെയ്യാൻ ആധുനിക പണ്ഡിത സമൂഹം തയ്യാറാവണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.

സമർഖന്ദിലെ ഇമാം ബുഖാരിയുടെ അന്ത്യവിശ്രമകേന്ദ്രത്തിൽ ഗ്രാൻഡ് മുഫ്തി നേത്യത്വം നൽകിയ ഗ്രാൻഡ് സ്വഹീഹുൽ ബുഖാരി ദർസും നടന്നു. ഉസ്ബാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ബുഖാരി മജ്‌ലിസാണിത്. ഇമാം ബുഖാരിയുടെ ജന്മനാട്ടിലും മധ്യേഷ്യയിലും സ്വഹീഹുൽ ബുഖാരിയുടെ പുനരുദ്ധാരണം ലക്ഷ്യം വെച്ചുള്ള ഗ്രാൻഡ് മുഫ്തിയുടെയും ശൈഖ് ഉമർ ബിൻ ഹഫീളിന്റെയും ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉസ്ബാക്കിസ്ഥാൻ പര്യടനത്തെ വളരെ പ്രാധാന്യത്തോടെയാണ് പണ്ഡിത ലോകം ഉറ്റുനോക്കുന്നത്. ഉസ്ബാക്കിസ്ഥാൻ ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിവിധ പരിപാടികളിലും ഗ്രാൻഡ് മുഫ്തി പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment

More News