ഗുജറാത്തില്‍ മുസ്ലീം മത്സ്യത്തൊഴിലാളികളുടെ വീടുകൾ തകർത്ത് വോട്ടവകാശം നിഷേധിച്ചതായി റിപ്പോര്‍ട്ട്

അഹമ്മദാബാദ്: ഗുജറാത്തിലെ ദേവഭൂമി ദ്വാരക ജില്ലയിൽ 575 മുസ്ലീം മത്സ്യത്തൊഴിലാളികളുടെ വീടുകൾ തകർത്തതിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്തതിനാൽ അവർക്ക് വോട്ട് ചെയ്യാൻ കഴിയില്ലെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ വർഷം തുറമുഖ വിപുലീകരണത്തിനായി സംസ്ഥാന ഭരണകൂടം വീടുകൾ പൊളിച്ചുമാറ്റിയെങ്കിലും അവര്‍ക്ക് മറ്റൊരു സ്ഥലത്ത് വീട് വെയ്ക്കാന്‍ അവസരം നല്‍കിയില്ല എന്നു പറയുന്നു.

നവാദ്ര ഗ്രാമത്തിൽ നിന്നുള്ള 47 കാരനായ മോസ എന്ന മത്സ്യത്തൊഴിലാളി തുറമുഖം വിപുലീകരണത്തെത്തുടർന്ന് കുടിയിറക്കപ്പെട്ട ആളാണ്. ഇപ്പോൾ 40 കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. വോട്ടർ പട്ടികയിൽ തൻ്റെ പേര് പരിശോധിക്കാൻ തിരികെ ചെന്നപ്പോള്‍ BLO (ബൂത്ത് ലെവൽ ഓഫീസ്) ആയി സേവനമനുഷ്ഠിക്കുന്ന സ്കൂൾ അദ്ധ്യാപകൻ പറഞ്ഞത് “നിങ്ങൾ ഇവിടെ താമസിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല. നിങ്ങൾ ഇപ്പോൾ ഈ ഗ്രാമത്തിലെ താമസക്കാരനല്ല” എന്നാണെന്ന് മോസ പറയുന്നു.

ഹർഷാദ്, നവദ്ര, ഭോഗത്, ഗാന്ധിവി ദ്വാരക എന്നീ ഗ്രാമങ്ങളിൽ കൂടുതലും മുസ്ലീം മത്സ്യത്തൊഴിലാളികളാണെന്നും, അവരെ തന്ത്രപൂര്‍‌വ്വം ആ പ്രദേശത്ത് നിന്ന് പുറത്താക്കിയതായും മോസ എടുത്തുപറഞ്ഞു.

വോട്ടർ സ്ലിപ്പുകൾ ശേഖരിക്കാൻ ശ്രമിച്ച മറ്റൊരു മത്സ്യത്തൊഴിലാളി ദാവൂദ് (44) മംഗളൂരിൽ നിന്ന് ഗാന്ധിവി ഗ്രാമത്തിലേക്ക് 120 കിലോമീറ്ററോളം സഞ്ചരിച്ചാണ് എത്തിയത്. തന്റെ വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ഗവൺമെൻ്റ് സ്‌കൂളിൽ പോയി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തിരികെ പോയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ദാവൂദ് പറഞ്ഞു.

തൻ്റെ രണ്ട് ആൺമക്കളുടെ പേര് വോട്ടർപട്ടികയിൽ രേഖപ്പെടുത്തണമെന്ന് ദാവൂദ് ആഗ്രഹിച്ചിരുന്നുവെങ്കിലും അവരുടെ എല്ലാ രേഖകളും തകർത്ത വീട്ടിലെ വിലാസത്തിലായതിനാൽ അതിന് കഴിഞ്ഞില്ല. പുതിയ രേഖകൾ ഉണ്ടാക്കുന്നതിന്, അവർക്ക് മുമ്പത്തെ രേഖകൾ ആവശ്യമാണ്. രേഖകൾ തകര്‍ത്ത വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലായതിനാല്‍ അവ ലഭിക്കുക അസാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് വോട്ടിംഗ് സ്ലിപ്പുകൾ വിതരണം ചെയ്യുക എന്നതാണ് തൻ്റെ ചുമതലയെന്നും, മുസ്ലീങ്ങളെ ബോധപൂർവം ഒഴിവാക്കുന്നുവെന്ന ആരോപണം നിഷേധിക്കുന്നു എന്നും നവാദ്രയിലെ ഒരു സർക്കാർ അദ്ധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News