തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ-ഡ്രൈവർ യദു തര്‍ക്ക വിഷയം ചൂടുപിടിച്ചിരിക്കേ, ഡ്രൈവർ യദുവിനെതിരെ പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ പൊലീസും കെഎസ്ആർടിസിയും നടപടി കര്‍ശനമാക്കി. വാഹനമോടിക്കുന്നതിനിടെ യദു ഒരു മണിക്കൂറിലേറെ ഫോണിൽ സംസാരിച്ചിരുന്നതായി കഴിഞ്ഞ ദിവസം പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം, യദുവിനെതിരെ നടി റോഷ്‌ന നൽകിയ പരാതിയിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിവരികയാണ്.
ഡ്യൂട്ടി സമയത്ത് ഫോൺ വിളിച്ചാൽ പൊലീസ് കെഎസ്ആർടിസിക്ക് റിപ്പോർട്ട് നൽകും. ഇതിന് മുമ്പ് യദു അപകടകരമായി വാഹനമോടിച്ചെന്നും അപമര്യാദയായി സംസാരിച്ചെന്നും നടി റോഷ്‌ന ആൻ റോയ് നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 18-19 തീയതികളിൽ തിരുവനന്തപുരം-വഴിക്കടവ് ബസ് ഓടിച്ചത് യദുവാണെന്ന് നടി പറഞ്ഞ ട്രിപ്പ് ഷീറ്റിൽ നിന്ന് വ്യക്തമായിരുന്നു. ഈ ബസിലെ യാത്രക്കാരെ കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. അന്ന് തർക്കത്തിൽ ഇടപെട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മൊഴിയും ശേഖരിക്കും. അതേസമയം, കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ശുപാർശ ചെയ്യും. രണ്ട് കേസുകൾ നിലവിലിരിക്കെ യദുവിനെ താത്കാലിക ജീവനക്കാരനായി നിയമിച്ചതിനെ പലരും ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് പൊലീസ് നീക്കം.
എന്നാൽ, മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു സമർപ്പിച്ച ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎ സച്ചിൻ ദേവ് എന്നിവരുൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊതുഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.