തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെ എസ് ആര്‍ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിൻ്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നു. കോടതി ഉത്തരവിനെ തുടർന്ന് ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎൽഎയുമടക്കം അഞ്ച് പേർക്കെതിരെയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തത്. ഇവര്‍ സ്വാധീനം ഉപയോഗിച്ച് ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കുകയും എംഎൽഎ സച്ചിൻദേവ് യാത്രക്കാരെ അധിക്ഷേപിക്കുകയും ചെയ്തതായി എഫ്ഐആറിൽ പരാമർശിക്കുന്നു.
മേയർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് തൻ്റെ പരാതി അവഗണിച്ചതായി ഡ്രൈവർ യദു ആരോപിച്ചു. യദുവിൻ്റെ ഹർജി പരിഗണിച്ച തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതിയിൽ കേസെടുക്കാൻ നിർദേശിച്ചു. മേയർ ആര്യ രാജേന്ദ്രൻ, അവരുടെ ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവ്, ആര്യ രാജേന്ദ്രൻ്റെ സഹോദരൻ, സഹോദരൻ്റെ ഭാര്യ എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ, യദുവിൻ്റെ അഭിഭാഷകൻ്റെ ഹർജിയിൽ പോലീസ് കേസെടുത്തിരുന്നുവെങ്കിലും മേയർക്കെതിരെ ദുർബലമായ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍, പുതിയ കേസിൽ മേയർക്കും കുടുംബത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇവര്‍ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും എംഎൽഎ സച്ചിൻ ദേവ് ബസിൽ അതിക്രമിച്ച് കയറി യാത്രക്കാരെ അധിക്ഷേപിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
സിസിടിവി ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പ്രതികള്‍ നശിപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു. പുതിയ കേസിൽ പൊലീസ് ഉടൻ അന്വേഷണം ആരംഭിക്കും. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം തിരുവനന്തപുരത്ത് പൊതുവഴിയിലെ മേയര്‍-ഡ്രൈവര്‍ തര്‍ക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.