ന്യൂഡൽഹി: എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പാർട്ടി സഹപ്രവർത്തകൻ മനീഷ് സിസോദിയ, ബിആർഎസ് നേതാവ് കെ കവിത എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡി ഡൽഹി കോടതി ചൊവ്വാഴ്ച നീട്ടി.
ഇ.ഡി അന്വേഷിക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിൻ്റെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിൻ്റെ കസ്റ്റഡി മെയ് 20 വരെ നീട്ടിയതായി സിബിഐ, ഇഡി വിഷയങ്ങൾക്കുള്ള പ്രത്യേക ജഡ്ജി കാവേരി ബവേജ ഉത്തരവിട്ടു.
സിബിഐ അന്വേഷിക്കുന്ന അഴിമതിക്കേസിൽ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 15 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു. സിസോദിയയ്‌ക്കെതിരായ അഴിമതിക്കേസിൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച കൂടുതൽ വാദങ്ങൾക്കായി കേസ് മെയ് 15 ലേക്ക് മാറ്റി.
അതേസമയം, റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ തെലങ്കാന എംഎൽഎ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡി മെയ് 14 വരെ നീട്ടിയിട്ടുണ്ട്. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കവിത സമർപ്പിച്ച ജാമ്യാപേക്ഷ മെയ് ആറിന് തള്ളിയിരുന്നു.
അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കവിതയ്‌ക്കെതിരെ ഒരാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കുമെന്നും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡി നീട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കൂട്ടുപ്രതി ചൻപ്രീത് സിംഗിൻ്റെ ജുഡീഷ്യൽ കസ്റ്റഡി മെയ് 20 വരെ നീട്ടിയതായും ജഡ്ജി പറഞ്ഞു.
മാർച്ച് 21 ന് അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. സിബിഐയും ഇഡിയും സമർപ്പിച്ച അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സിസോദിയയുടെ ജാമ്യാപേക്ഷ ഏപ്രിൽ 30ന് കോടതി തള്ളിയിരുന്നു.
ഡൽഹി സർക്കാരിൻ്റെ 2021-22 ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാണ് വിഷയം.