ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനസംഖ്യാ വൈവിധ്യത്തെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങൾ വിവാദമായതിനെത്തുടര്‍ന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ തൻ്റെ സ്ഥാനം ഒഴിഞ്ഞു.
ഇന്ത്യയുടെ കിഴക്കൻ പ്രദേശത്തുള്ളവർ ചൈനക്കാരെപ്പോലെയും, ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയും, വടക്കുഭാഗത്തുള്ളവർ അറബികളെപ്പോലെയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇത് വന്‍ വിവാദമാകുകയും പരാമർശത്തിനെതിരെ ബിജെപി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്തു നിന്ന് പിട്രോഡ ഒഴിയാൻ തീരുമാനിച്ചതെന്നും, അദ്ദേഹത്തിൻ്റെ തീരുമാനം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകരിച്ചതായും കോൺഗ്രസ് എംപി ജയറാം രമേഷ് X-ലെ പോസ്റ്റിൽ പറഞ്ഞു.
പിട്രോഡയുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ കാഴ്ചപ്പാടുകൾ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പാർട്ടി ഔദ്യോഗികമായി വിട്ടുനിന്ന സാഹചര്യത്തിലാണ് ഈ നീക്കം.
തൊലിയുടെ നിറത്തെക്കുറിച്ചുള്ള പാർട്ടി നേതാവ് സാം പിട്രോഡയുടെ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കോൺഗ്രസിനെ കടന്നാക്രമിക്കുകയും ചർമ്മത്തിൻ്റെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ അപമാനിക്കുന്നത് ദേശസ്നേഹികള്‍ പൊറുക്കില്ലെന്നും ഉറപ്പിച്ചു പറഞ്ഞു.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെ തോൽപ്പിക്കാൻ ദേശീയ പാർട്ടി ശ്രമിച്ചത് അവരുടെ ചർമ്മത്തിൻ്റെ നിറം ഇരുണ്ടതാണ് എന്ന് താൻ ഇപ്പോൾ മനസ്സിലാക്കിയതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച മോദി പറഞ്ഞു.
എൻ്റെ രാജ്യത്ത് ആളുകളുടെ കഴിവ് ചർമ്മത്തിൻ്റെ നിറത്തിൻ്റെ അടിസ്ഥാനത്തിലാണോ തീരുമാനിക്കുന്നതെന്ന് മോദി ചോദിച്ചു.
തെരഞ്ഞെടുപ്പ് റാലികളിൽ രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നതിനെ പരാമർശിച്ച്, ഭരണഘടന തലയിൽ വച്ചു നൃത്തം ചെയ്യുന്നവർ ചർമ്മത്തിൻ്റെ നിറത്തിൻ്റെ പേരിൽ രാജ്യത്തെ അപമാനിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.
ചർമ്മത്തിൻ്റെ നിറത്തിൻ്റെ പേരിൽ രാജ്യക്കാരെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ലെന്നും ഷെഹ്‌സാദെ (രാഹുൽ ഗാന്ധി) മറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
2022ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുർമുവിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് ശ്രമിച്ചത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോൾ മനസ്സിലായെന്നും മോദി പറഞ്ഞു.
“ഷെഹ്‌സാദയുടെ ഒരു അമ്മാവൻ അമേരിക്കയിൽ താമസിക്കുന്നുണ്ടെന്ന് അറിയാം. അമ്മാവൻ തൻ്റെ തത്ത്വചിന്തകനും വഴികാട്ടിയുമാണ്. ഷെഹ്‌സാദയുടെ വഴികാട്ടിയായ അമ്മാവൻ ഒരു വലിയ രഹസ്യം ഇന്ന് തുറന്നു പറഞ്ഞു. ഇരുണ്ട ചര്‍മ്മമുള്ളവര്‍ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്നാണ് അദ്ദേഹം പറയുന്നത്,” സാം പിട്രോഡയെക്കുറിച്ചുള്ള പരാമർശത്തിൽ
മോദി പറഞ്ഞു.