ഡാളസ്: ഡാളസില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ ബിഷപ്പ് കെ പി യോഹന്നാന്‍ അന്തരിച്ചു.
പ്രഭാത സവാരിക്കിടെയാണ് അദ്ദേഹത്തെ വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ഡാളസിലെ മെഥഡിസ്റ്റ് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തലയ്ക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍, ഇന്ന് (മെയ് 8) രാവിലെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
ഇന്ത്യയെയും ഏഷ്യയെയും കേന്ദ്രീകരിച്ചുള്ള ഒരു വലിയ ക്രിസ്ത്യൻ പ്രൊട്ടസ്റ്റൻ്റ് മിഷനറി എൻജിഒയായ ജിഎഫ്എ വേൾഡിൻ്റെ (മുമ്പ് ഗോസ്പൽ ഫോർ ഏഷ്യ അല്ലെങ്കിൽ ജിഎഫ്എ) സ്ഥാപകനും പ്രസിഡൻ്റുമാണ് അദ്ദേഹം. നിരാലംബര്‍ക്കും അശരണര്‍ക്കും ആശ്രയമായി മാറിയ ബിഷപ്പ് ഡോ. കെ.പി യോഹന്നാന്റെ സേവനം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
കുട്ടനാട്ടിലെ നിരണത്ത് ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസ്സില്‍ ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന സംഘടനയുടെ ഭാഗമായി. 1974-ലാണ് ഡാളസില്‍ ദൈവശാസ്ത്രപഠനത്തിന് ചേര്‍ന്നത്. ഇതേമേഖലയില്‍ സജീവമായിരുന്ന ജര്‍മ്മന്‍ സ്വദേശിനി ഗിസല്ലയെ വിവാഹം ചെയ്തു. 1978 ല്‍ ഭാര്യയുമായി ചേര്‍ന്ന് തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തില്‍ വഴിത്തിരിവായി.
സംഘടന വളര്‍ന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേര്‍ത്തുനിര്‍ത്തി 2003 ല്‍ ബീലീവേഴ്‌സ് ചര്‍ച്ച് എന്ന സഭയ്ക്ക് രൂപം ന ല്‍കി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവില്‍ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാന്‍ തിരുവല്ലയില്‍ ബിലിവേഴ്‌സ് മെഡിക്കല്‍ കോളജും തുടങ്ങി. ഇന്ത്യയിലുടനീളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ദുരന്തമുഖങ്ങളില്‍ കാരുണ്യസ്പര്‍ശമായി ബിഷപ്പ് സേവനം ചെയ്തു.
ഒരു പയനിയറും “ദേശീയ മിഷനറിമാരുടെ” മുൻനിര അഭിഭാഷകനുമാണ് അദ്ദേഹം. പ്രൊട്ടസ്റ്റൻ്റ് ക്രിസ്ത്യൻ ജീവിതത്തെയും ദൗത്യങ്ങളെയും കുറിച്ചുള്ള 200-ലധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഡോ. യോഹന്നാൻ, ശ്രദ്ധേയനായ പ്രഭാഷകനും കോളമിസ്റ്റുമാണ്.