പാലക്കാട്: ബുധനാഴ്ച രാവിലെ പാലക്കാട് മലമ്പുഴയ്ക്ക് സമീപം ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ടെലിവിഷൻ ന്യൂസ് ചാനൽ ക്യാമറാമാൻ കൊല്ലപ്പെട്ടു.
ആക്രമണം നടക്കുമ്പോൾ മാതൃഭൂമി ന്യൂസിൻ്റെ ക്യാമറാമാൻ എവി മുകേഷ് (34) മറ്റ് മാധ്യമ പ്രവർത്തകർക്കൊപ്പം ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. മുകേഷിന്റെ ഇടുപ്പിനാണ് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വനത്തിനുള്ളിൽ 200 മീറ്ററോളം മാധ്യമ സംഘത്തിനുനേരെ ആന ഓടിയടുത്തതായി വനപാലകർ പറഞ്ഞു. ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ സംഘാംഗങ്ങൾ ഓടിയപ്പോൾ മുകേഷ് കാലിടറി വീഴുകയും ആന ചവിട്ടുകയും ചെയ്തു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം മലപ്പുറം പരപ്പനങ്ങാടിയിലേക്ക് കൊണ്ടുപോയി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍ ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ ടിഷ.
മുകേഷ് ദീര്‍ഘകാലം ഡല്‍ഹി മാതൃഭൂമി ബ്യൂറോയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ‘അതിജീവനം’ എന്ന പേരില്‍ മാതൃഭൂമി ഡോട്ട് കോമില് നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുകേഷിന്റെ മരണത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് അനുശോചനം അറിയിച്ചു. മുകേഷിന്റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി പ്രതികരിച്ചു. മാത്യഭൂമിയുടെ പ്രഗത്ഭനായ ഫോട്ടോഗ്രാഫറാണ് കാട്ടനയുടെ ആക്രമണത്തില്‍ മരണപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
വനവുമായി ബന്ധപ്പെട്ട പ്രശ്നം കൂടിയാണെന്നുള്ളത് കൊണ്ട് ഈ കാര്യത്തില്‍ വലിയ സങ്കടമാണുള്ളത്. അങ്ങിനെ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. വനംവകുപ്പിൻ്റേയും മന്ത്രിയുടേയും പേരില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളോടും മാധ്യമലോകത്തോടും മാത്യഭൂമി കുടുംബാംഗങ്ങളോടും മന്ത്രി അനുശോചനം അറിയിച്ചു.