മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോയിലെ ക്യാമറാമാൻ എ. വി മുകേഷ് (34) ജോലിക്കിടയിൽ കാട്ടാന ആക്രമണത്തില്‍ മരിച്ചതിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) അനുശോചിച്ചു.
മലമ്പുഴ കൊട്ടേക്കാട് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് സംഭവം നടന്നത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെ പ്രകോപിതനായ കാട്ടാന മുകേഷിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുകേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സംഘത്തില്‍ ഉണ്ടായിരുന്ന റിപ്പോര്‍ട്ടറും ഡ്രൈവറും ഓടി രക്ഷപ്പെടുകയായിരുന്നു.
പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങൾക്കും ഗവണ്മെന്റിനുമാണ്. മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വെച്ചും ദൃശ്യങ്ങൾ പകർത്താൻ മുതിരുന്നതിന്റെ പിന്നിൽ ചാനൽ മത്സരങ്ങൾ ഉണ്ടെന്നുള്ളതും ശ്രദ്ധേയമാണ്, ഇത് ഖേദകരമാണ്.
വാർത്താ ശേഖരണത്തിനിടെ അപകടമുണ്ടായാൽ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ് ഏറ്റവും കൂടുതൽ നഷ്ടം വരുന്നത് എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണൽ വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള കൂടിയ യോഗത്തിൽ സൂചിപ്പിക്കുകയുണ്ടായി
മുൻകാലങ്ങളിലെ പോലെ തന്നെ പോലെ തന്നെ മുകേഷിന്റെ കുടുംബത്തിന് കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്യാൻ ഇന്ത്യാ പ്രസ് ക്ലബ് തയ്യാറാകുമെന്ന് നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. ഈ ദാരുണാന്ത്യത്തിൽ ദുഖാർത്ഥരായവരോടുള്ള ദുഃഖം അറിയിക്കുന്നതായി നാഷണൽ ട്രെഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശാ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു. മുകേഷിന്റെ കുടുംബത്തിന് ഒരിക്കൽ കൂടി അനുശോചനം അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു.