അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്റെ (കെ പി യോഹന്നാന്‍) സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ് യോഗം ചേരുന്നത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച ശേഷമാകും സഭാ നേതൃത്വം സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിക്കുക. അമേരിക്കയില്‍ വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അത്തനേഷ്യസ് യോഹാന്‍ വിട വാങ്ങിയത്.
ടെക്സസിലെ ഡാളസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഡാളസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പർ കുട്ടനാട്ടിലെ നിരണത്ത് സാധാരണ കർഷക കുടുംബത്തിലാണ് കെ പി യോഹന്നാന്റെ ജനനം. കൗമാരകാലത്ത് തന്നെ ബൈബിൾ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. 16-ാം വയസിൽ ഓപ്പറേഷൻ മൊബിലൈസേഷൻ എന്ന സംഘടനയുടെ ഭാഗമായി. 1974 ൽ അമേരിക്കയിലെ ഡാലസ്സിൽ ദൈവശാസ്ത്രപഠനത്തിന് ചേർന്നു.
പാസ്റ്ററായി ദൈവവചനം പ്രചരിപ്പിച്ച് പിന്നീട് വൈദിക ജീവിതം. ഇതേമേഖലയിൽ സജീവമായിരുന്ന ജർമൻ പൗര ഗിസല്ലയെ വിവാഹം ചെയ്തു. 1978 ൽ ഭാര്യയുമായി ചേർന്ന് തുടങ്ങിയ ഗോസ്പൽ ഫോർ ഏഷ്യ എന്ന സ്ഥാപനം ജീവിതത്തിൽ വഴിത്തിരിവായി. സംഘടന വളർന്നതോടെ നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിച്ചു.