തിരുവനന്തപുരം: പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൻ്റെ പകർപ്പിനും ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്നു മുതൽ മെയ് 15 വരെ sslcexam.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അതേസമയം, ഉപരിപഠനത്തിന് അർഹരായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജി ലോക്കറിൽ ലഭ്യമാകും. മൂന്ന് മാസത്തിനകം മാർക്ക് ലിസ്റ്റ് നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉപരിപഠന അർഹത നേടാത്ത റഗുലർ വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ ആറു വരെ നടത്തും. യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ജൂൺ രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് ലഭിച്ചവരില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. പരീക്ഷയെഴുതിയവരില്‍ കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത് (99.92).വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്.