അമൃത്‌സർ: അമൃത്‌സറിലെ ബിജെപി സ്ഥാനാർഥിയും മുൻ നയതന്ത്രജ്ഞനുമായ തരൺജിത് സിംഗ് സന്ധു ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പമാണ് സന്ധു നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് റോഡ്‌ഷോ നടത്തിയത്.
പാർലമെൻ്റ് അംഗമായി പ്രവർത്തിക്കാനുള്ള സന്ധുവിൻ്റെ കഴിവിൽ ജയശങ്കർ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും രാജ്യത്തിനായുള്ള അദ്ദേഹത്തിൻ്റെ നയതന്ത്ര സേവനത്തെ പ്രശംസിക്കുകയും ചെയ്തു. സന്ധുവിൻ്റെ ജനപ്രീതി ഊന്നിപ്പറയുകയും അമൃത്‌സറിനേയും പഞ്ചാബിനേയും പാർലമെൻ്റിൽ പ്രതിനിധീകരിക്കാൻ അനുയോജ്യമായ സ്ഥാനാർത്ഥിയായിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി എസ് ജയശങ്കറും നിരവധി ബിജെപി പ്രവർത്തകരും ചേർന്ന് തുറന്ന ജീപ്പിൽ മൂന്ന് കിലോമീറ്ററോളം സന്ധു റോഡ്‌ഷോ നടത്തി. അമൃത്‌സറിലെ ഗുരുദ്വാര ചെവിൻ പട്‌ഷ സന്ദർശിച്ച് അദ്ദേഹം പ്രാർത്ഥന നടത്തി. അമൃത്‌സര്‍ സ്വദേശിയായ സന്ധു മാർച്ചിലാണ് ബിജെപിയിൽ ചേർന്നത്. ഫെബ്രുവരി ഒന്നിനാണ് യുഎസിലെ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹം വിരമിച്ചത്. അദ്ദേഹത്തിൻ്റെ ഭരണകാലത്ത്, അന്നത്തെ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനം കൈകാര്യം ചെയ്യുന്നത് ഉൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിരുന്നു.
18-ാം ലോക്‌സഭയിലേക്ക് 13 അംഗങ്ങളെ തിരഞ്ഞെടുക്കാൻ പഞ്ചാബിൽ ജൂൺ ഒന്നിന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി രണ്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് എട്ട് സീറ്റുകൾ നേടി. 543 ലോക്‌സഭാ സീറ്റുകളിലേക്കും ജൂൺ നാലിനാണ് വോട്ടെണ്ണൽ.