കോഴിക്കോട്: 1500 വർഷത്തോളം പഴക്കമുള്ളതും, ഏഴു നൂറ്റാണ്ടുകൾക്കു മുമ്പ് മണ്മറഞ്ഞതുമായ സുബ്രഹ്മണ്യ ക്ഷേത്രം പുനഃപ്രതിഷ്ഠയ്‌ക്കൊരുങ്ങുന്നു. കോഴിക്കോട് സൈബർ പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റ മഹാക്ഷേത്രമാണ് 13ാം നൂറ്റാണ്ടിൽ അസ്തമിച്ച പ്രതാപം വീണ്ടെടുക്കുന്നത്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും കലശാഭിഷേകവും മെയ് 20ന് നടക്കും. ഇതുമായി ബന്ധപ്പെട്ട താന്ത്രിക കർമ്മങ്ങൾ 12ന് ആരംഭിക്കും.
മൂന്ന് നിലകളുള്ള ശ്രീകോവിലാണ് ക്ഷേത്രത്തിന്റെ പ്രധാന സവിശേഷത. ഇതിന് 18 മീറ്റർ ഉയരവും 51 മീറ്റർ ചുറ്റളവുമുണ്ട്. നിലവിൽ കേരളത്തിലെ ഏറ്റവും വലിയ ശ്രീകോവിലാണ് തൃക്കൈപ്പറ്റ ക്ഷേത്രത്തിലേത്. ഏഴ് അടി ഉയരത്തിലുളള കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ.
തികച്ചും പൈതൃകമായ രീതിയിൽ സിമന്റ് പൂർണ്ണമായും ഒഴിവാക്കിയാണ് ശ്രീകോവിലിന്റെ നിർമാണം. കുളിർമാവിൻ തൊലി ഉപയോഗിച്ച് നിർമിച്ച കഷായ കൂട്ടിൽ മണൽ, വെള്ളക്കുമ്മായം എന്നിവ ചേർത്ത് ചൂടാക്കിയ മിശ്രീതമാണ് സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത്.
2009 ജനുവരി 18 നാണ് ക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിച്ചത്. ഇതുവരെ എട്ട് കോടിയോളം രൂപയാണ് ക്ഷേത്ര ജീർദ്ധോരാണത്തിനായി ചെലവഴിച്ചിരിക്കുന്നത്. പണ്ട് ഇതേ സ്ഥലത്ത് നിലനിന്നിരുന്ന ഭഗവതി, കിരാതമൂർത്തി, പരമശിവൻ എന്നിവർക്കായുള്ള ശ്രീകോവിലും ദ്രുതഗതിയിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്ര ജീർദ്ധോരാണ സമിതി.