യാത്രകള്‍ ആത്മാവിനെ കണ്ടെത്താന്‍ സഹായിക്കുന്നു. പച്ചിലകളാല്‍ പൊതിഞ്ഞു നില്‍ക്കുന്ന ഭയാനകമായ ഡ്രാക്കുള കോട്ടയില്‍ നിന്ന് ഞങ്ങള്‍ ബുക്കാറെസ്റ്റിലേക്ക് യാത്ര തിരിച്ചു. കോട്ടക്കുള്ളിലെ മിഴിച്ചുനോക്കുന്ന സ്ത്രീ പുരുഷന്മാരുടെ ചോരക്കണ്ണുകള്‍ മനസ്സില്‍ മായാതെ നിന്നു. ഭൂമിയെ പൂജിക്കാനെന്നപോലെ മരങ്ങളില്‍ നിന്ന് പൂക്കള്‍ കൊഴിഞ്ഞുവീണു. അകലെ കാണുന്ന മരങ്ങള്‍ക്കിടയില്‍ അന്ധകാരമാണ്. സൂര്യപ്രകാശം മങ്ങി വന്നു. പടിഞ്ഞാറേ ചക്രവാളം തിളങ്ങാന്‍ തുടങ്ങി. മനസ്സ് നിറയെ കണ്ണഞ്ചിപ്പിക്കുന്ന പര്‍വ്വത നിരകള്‍. ലോകസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ (ഡ്രാക്കുള കോട്ട കാണാന്‍ സാധിച്ചതില്‍ സന്തോഷം തോന്നി. യൂറോപ്പിന്റ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന കാര്‍പ്പാത്തിയന്‍ പര്‍വ്വതനിരകള്‍ 51% റൊമാനിയയിലും ബാക്കി ഭാഗങ്ങള്‍ ചെക്ക് റിപ്പബ്ലിക്ക്, പോളണ്ട്, സ്ലൊവാക്യ, യുക്രൈന്‍, ഹംഗറി, സെര്‍ബിയയിലും സ്ഥിതിചെയ്യുന്നു. റഷ്യ കഴിഞ്ഞാല്‍ യൂറോപ്പിലെ കന്യക വനങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ പ്രദേശമാണ് റൊമാനിയ. റൊമാനിയയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണിത്. 2,500 മീറ്ററിനും (8,200 അടി) 2,550 മീറ്ററിനും (8,370 അടി). ബുക്കാറെസ്റ്റിലെത്തിയപ്പോള്‍ രാത്രി ഒന്‍പത് കഴിഞ്ഞു. നഗര കേടാവിളക്കുകള്‍ ദൃഷ്ടികളുറപ്പിച്ച് നിര്‍ന്നിമേഷയായി സഞ്ചാരികളെ നോക്കിയിരുന്നു. ഞാനും റെജി നന്ദികാട്ടും ഡോ. റോഷന്‍ ജോണിനോട് വിടപറഞ്ഞു ഞങ്ങള്‍ താമസിക്കുന്ന മൈക്കിള്‍യ്ഞ്ചോലോ ഹോട്ടലിലേക്ക് നടന്നു. നഗരത്തിന്റെ പല ഭാഗങ്ങളും ചുവന്ന് തിളങ്ങി നിന്നു.
ഭൂമണ്ഡലത്തെ അധീനമാക്കിയ ഇരുള്‍ മറഞ്ഞു. പ്രഭാത ഭക്ഷണങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ എട്ടുമണിക്ക് തന്നെ റെവല്യൂഷന്‍ സ്ക്വയറിലേക്ക് തിരിച്ചു. റോഡിരികിലുള്ള കടകള്‍ പലതും അടഞ്ഞുകിടന്നു. ഗൈഡ് അപ്പൊസ്റ്റല്‍ ഞങ്ങളെയും കാത്ത് സ്ക്വയറില്‍ നില്‍പ്പുണ്ടായിരുന്നു. ഞങ്ങളെ കണ്ടയുടനെ അയാളുടെ ഭാഷയില്‍ ചോദിച്ചു. “സി മായി ഫാസി” (സുഖമാണോ) ഞാന്‍ “ഗുഡ്” എന്ന് മറുപടി കൊടുത്തു. എന്റെ അറിവില്ലായ്മകൊണ്ട് കഴിഞ്ഞ ദിവസം അപ്പോസ്റ്റലിനോടെ ഏതാനും റൊമാനിയന്‍ ഭാഷ പറഞ്ഞതുകൊണ്ടാണ് എന്റെ നേരെ അവരുടെ ഭാഷ തൊടുത്തുവിട്ടത്. മലയാളിക്ക് പൊതുവില്‍ ഒരു പൊങ്ങച്ച സ്വഭാവമുണ്ടല്ലോ. അതാണ് അവരുടെ ഭാഷ പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ കൂട്ടത്തില്‍ ആഭരണങ്ങളൊന്നുമണിയാത്ത രണ്ട് സുന്ദരികളെയും കണ്ടു. അവരുടെ വിടര്‍ന്ന മിഴികളില്‍ നിന്ന് പ്രസരിക്കുന്ന പ്രകാശം പ്രഭാത കിരണങ്ങളെപോലെ തിളങ്ങി. ഇളം തണുത്ത കാറ്റില്‍ അവരുടെ മുടിയിഴകള്‍ പാറിപ്പറന്നു. പ്രധാന റോഡിലൂടെ പോകുന്ന കുതിരപ്പടയുടെ ചെകിടടപ്പിക്കുന്ന കുളമ്പടിയൊച്ച കാതുകളിലെത്തി. റൊമാനിയന്‍ വിപ്ലവകാലത്ത് ഇവിടെ എത്രയോ കുതിരപ്പടകള്‍ ഇളകിമറിഞ്ഞതാണ്. റൊമാനിയന്‍ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതി നിക്കോള സ്യൂസെസ്കുവും മഹാറാണിയെപോലെ ജീവിച്ച ഭാര്യ എലീനയുടെയും ഏറ്റവും ആവേശകരമായ കുറ്റകൃത്യ കഥ ഗൈഡ് അപ്പൊസ്റല്‍ വിവരിക്കുന്നത് കേട്ടു നിന്നു.
പ്രസിഡന്റ് നിക്കോളെ സിയോസെസ്ച്യൂ നീണ്ട വര്‍ഷങ്ങള്‍ കയറിയിറങ്ങിയ കെട്ടിടത്തെ ചൂണ്ടിക്കാണിച്ചിട്ട് പറഞ്ഞു. ഈ കെട്ടിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസായിരുന്നു. ഇന്നത് സര്‍ക്കാര്‍ ഓഫീസുകളാണ്. മുന്‍പ് പാലസ് സ്ക്വയര്‍ എന്നാണ് റെവല്യൂഷന്‍ സ്ക്വയര്‍ (ചത്വരം) അറിയപ്പെട്ടത്. ഞാന്‍ ചുറ്റുപാടുകള്‍ കണ്ണോടിച്ചു. ഒരു രാജധാനിയുടെ സൌന്ദര്യമോ മഹത്വമോ ഒന്നുമില്ല. ഒരിടത്ത് ഏതാനും മരങ്ങള്‍ അതില്‍ കുറെ പ്രാവുകള്‍. മറ്റൊരു മരത്തില്‍ വെള്ളപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. മധ്യഭാഗത്ത് ഒരു പ്രതിമ കണ്ടു. രാജാവ് കരോള്‍ കുതിരപ്പുറത്തിരിക്കുന്നു. ഒരിടത്ത് വെള്ളം ചീറീപായുന്ന ഒരു ഫൗണ്ടനുണ്ട്. മഴവില്ലിന്റെ നിറം കാണണമെങ്കില്‍ രാത്രിയില്‍ വരണമെന്ന് ഗൈഡ് പറഞ്ഞു. മുന്നോട്ട് നടന്നാല്‍ വലതുഭാഗത്തായി വലിയൊരു സ്തൂപമുണ്ട്. അതിനടുത്താണ് ഗാലറിയ ഡി ആര്‍ട്ട് യൂറോപ്പിനെയുണ്ട്. ഇവിടെ അനോനിം സ്‌കോളയുടെ ഇരിക്കുന്ന ഒരു പ്രതിമയുണ്ട്. സൈക്കിള്‍ യാത്രികര്‍ക്കും നടക്കുന്നവര്‍ക്കും ബസ്സുകള്‍ക്ക് സഞ്ചരിക്കാന്‍ പ്രത്യേക പാതകളുണ്ട്. സൂര്യന്റെ രഥ ചക്രം ഓടിത്തുടങ്ങി.
റൊമാനിയയുടെ തലസ്ഥാനം ബുക്കാറെസ്റ്റ് വളരെ തിരക്കുള്ള നഗരമാണ്. ഈ നഗരഭാഗം ചരിത്രപരവും സാംസ്‌കാരികവുമായ നാഴികക്കല്ല് മാത്രമല്ല, റൊമാനിയയുടെ അമൂല്യ സമ്പത്തുകളിലൊന്നാണ്. ഇതിനടുത്താണ് റോയല്‍ പാലസും സെനറ്റ് പാലസും സ്ഥിതിചെയ്യുന്നത്. കമ്മ്യൂണിസം ഇവിടേക്ക് കടന്നുവന്നത് സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. കമ്മ്യൂണിസ്റ്റ് (പസിഡന്റ് നിക്കോളെ സിയോസെഡസ് ക്യൂ ഭരണകൂടത്തിന്റെ പ്രതാപകാലവും പതനവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. ഒരു ബസ്സ് ഞങ്ങള്‍ക്കടുത്തുള്ള റോഡില്‍ നിര്‍ത്തി അതില്‍ നിന്ന് സഞ്ചാരികള്‍ ഇറങ്ങി വരുന്നു. അവര്‍ മറ്റെന്തോ കാഴ്ച്ചകള്‍ കാണാനായി നടന്നു.
ഞങ്ങള്‍ നിന്ന റെവല്യൂഷന്‍ സ്ക്വയറിലേക്ക് പലയിടത്ത് നിന്ന് സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നു. പ്രസിഡന്റ് നിക്കോളെ പ്രസംഗിച്ച കെട്ടിടത്തിന്റ മുന്‍ഭാഗം പലരും ക്യാമറയില്‍ പകര്‍ത്തുന്നു. കെട്ടിട വാതിലിന്റെ ഇരുഭാഗങ്ങളിലും രാജ്യത്തിന്റെ പതാക കാറ്റിലാടുന്നു. റൊമാനിയക്കാര്‍ അവരുടെ ചരിത്രത്തെ വളരെ അഭിമാനത്തോടെയാണ് കാണുന്നത്. അത് മറ്റ് രാജ്യങ്ങളെക്കാള്‍ മെച്ചമെന്ന് പറയാന്‍ സാധിക്കില്ല. അതത്ര ശുദ്ധമോ കുറ്റമറ്റതോ അല്ല. രാജഭരണകാലത്ത് ജനങ്ങള്‍
ധാരാളം ക്രൂരപ്രവര്‍ത്തികള്‍ കണ്ടു വളര്‍ന്നവരാണ്. റൊമാനിയക്കാരെ സംബന്ധിച്ച് ‘ഹിസ്ട്രോയ്” എന്നാല്‍ ജീവന്‍ എന്നാണ്. റൊമാനിയയ്ക്ക് സമ്പന്നമായ ഒരു ഭൂതകാലമാണുള്ളത്. ഡാനൂബ് നദിയും കാര്‍പാത്തിയന്‍ പര്‍വ്വതനിരകളും ഇവിടുത്തുകാരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഡാന്യൂബും കാര്‍പാത്തിയന്‍ പര്‍വതങ്ങളും, (ഗ്രാമീണ കര്‍ഷകര്‍ക്കൊപ്പം, മോള്‍ഡേവിയയിലെ നയനമനോഹരങ്ങളായ ആശ്രമങ്ങളും, ഡെല്‍റ്റയും കരിങ്കടലും, ക്രിക്കോവയുടെ മുന്തിരി തോപ്പുകളും ക്ര്പിയാനയുടെ മണികളും, അപ്പുസെനിയുടെ സ്വര്‍ഗ്ഗത്തെപോലും കീഴ്പ്പെടുത്തുന്ന സ്വര്‍ണ്ണം പൂശിയ എമിനെസ്ക്യൂ, പര്‍വ്ൃവതനിരകളില്‍ ശത്രുക്കള്‍ക്ക് കിട്പ്പെടുത്താന്‍ കഴിയാത്ത വന്‍ കോട്ടകള്‍, കുന്നുകള്‍, മലകള്‍, പുഴകള്‍ അങ്ങനെ എല്ലാമെല്ലാഠ ആകര്‍ഷകങ്ങളാണ്. ഗൈഡ് പറഞ്ഞതൊക്കെ സത്യമാണ്. അതില്‍ പലതും ഞാന്‍ കണ്ടതും മനസ്സില്‍ ആഹ്ളാദം പകരുന്നതുമായിരുന്നു.
ഘഷ്യെയുടെ സമ്മര്‍ദ്ദത്താല്‍ 1945 മാര്‍ച്ചില്‍ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പ്രെടൂ ഗ്രോസയുടെ നേതൃത്വത്തില്‍ സോവിയറ്റ് അനുകൂല സര്‍ക്കാരിനെ നിയമിക്കാന്‍ മൈക്കിള്‍ ഒന്നാമന്‍ രാജാവ് നിര്‍ബന്ധിതനായി. എന്നാല്‍ 1945 ഓഗസ്റ്റ് മുതല്‍ 1946 ജനുവരി വരെ ഗ്രോസയുടെ കമ്മ്യൂണിസ്റ്റ് നിയന്ത്രിത സര്‍ക്കാരിനെ ജര്‍മ്മനിയുടെ സഹായത്തോടെ രാജാവ് എതിര്‍ക്കാനാരാഭിച്ചു. സര്‍ക്കാര്‍ ഉത്തരവുകളില്‍ ഒപ്പിടാനും അംഗീകരിക്കാനും വിസമ്മതിച്ചു. റൊമാനിയയുടെ അവസാന രാജാവായിരുന്ന മൈക്കിള്‍ ഒന്നാമന്‍ കമ്മ്യൂണിസ്റ്റുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 1947 ഡിസംബര്‍ 30 ന് നിര്‍ബന്ധിത സ്ഥാനത്യാഗം ചെയ്യേണ്ടി വന്നു. ദുഃഖിതനായ രാജാവ് വനാന്തരത്തിലെ തടാകതീരത്ത് നിരാശനായി നടന്നു. ഒടുവില്‍ രാജ്യം വിടേണ്ടി വന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവാസ ജീവിതം നയിച്ചുവെങ്കിലും റൊമാനിയന്‍ ജനതയുടെ ഹൃദയത്തില്‍ ഇടം നേടിയ രാജാവായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണം മാറിമറിഞ്ഞു. 1965 മുതല്‍ 1989 വരെ നിക്കോളെ സ്യൂസെസ് ക്യൂ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതൃത്വം അധികാരം പിടിച്ചെടുത്തു. ജനങ്ങള്‍ മതിമറന്ന് സന്തോഷിച്ചു. ശിരസ്സില്‍ തലപ്പാവ് ധരിച്ച രാജ്യസേവകരുടെ മധ്യത്തില്‍ സ്യൂഷെസ്ക്യൂ രാജകൊട്ടാരം പോലുള്ള പാര്‍ലമെന്റ് മന്ദിരത്തിലും വര്‍ണ്ണോജലമായ സ്വന്തം കൊട്ടാരത്തിലും ജനങ്ങളുടെ നികുതിപ്പണത്തില്‍ ആഡംബരജീവിതം നയിച്ചു. സ്വന്തം വാഹനം പോകാന്‍ രാജവീഥികള്‍ പോലുള്ള റോഡുകള്‍ പണികഴിപ്പിച്ചു. ആ വഴികളിലൂടെ ഞങ്ങളും സഞ്ചരിച്ചിരുന്നു. കൊട്ടാരത്തിലെ സുന്ദരിമാര്‍ക്ക് വിലപ്പിടിപ്പുള്ള ദ്രവ്യങ്ങള്‍ ഉപഹാരമായി സമ്മാനിച്ചു. എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് അദ്ദേഹത്തിന്റ ഭരണകാലത്താണ് ലോകത്തിലെ ഏറ്റവും വലിയ ചരിത്രപരവും മനോഹരവുമായ പാര്‍ലമെന്റ് കൊട്ടാരം തീര്‍ക്കുന്നത്. അതിനുള്ളിലെ കൌതുകകരമായ കാഴ്ചകള്‍ അത്ഭുതാവഹമാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകളെ ഒഴിവാക്കി തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഇഷ്ടാനിഷ്ടകള്‍ക്കനുസരിച്ച് സ്വേച്ഛാധിപത്യം തുടര്‍ന്നതാണ് അദ്ദേഹത്തിന് വിനയായത്.
അധിനിവേശ ശക്തികളെപോലെ ജനസംസ്‌കാര പൈതൃകജീവിതത്തിന് ഹാനിവരുത്തുന്ന വിധമാണ് പ്രസിഡന്റ് ഭരണം നടന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് പ്രസിഡന്റ് ഒളിച്ചോടികൊണ്ടിരുന്നു. രാജ്യത്തെ എല്ലാ ഭരണാധികാരവും കോടതികളടക്കം പ്രസിഡന്റിന്റെ ആജ്ഞാനുസരണം പോകണമെന്നായി. ഇതെല്ലാം ജനങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തികൊണ്ടിരുന്നു. വിമര്‍ശിക്കുന്നവരെയെല്ലാം തൊഴിലാളിവര്‍ഗ്ഗത്തിന്റെ പേരില്‍ വര്‍ഗ്ഗ ശത്രുക്കള്‍, രാജ്യദ്രോഹികളായി മുദ്രകുത്തി ജയിലിലടച്ചു. അവരില്‍ ബുദ്ധിജീവികള്‍, സാഹിത്യപ്രതിഭകള്‍, പുരോഹിതന്മാര്‍, ഉദ്യോഗസ്ഥര്‍, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നു. പോലീസ് പീഡനത്തില്‍ ആയിരക്കണക്കിന് നിരപരാധികള്‍ കൊല്ലപ്പെട്ടു. രാജ്യമെങ്ങും കലഹങ്ങള്‍പൊട്ടിപ്പുറപ്പെട്ടു. രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിച്ചു. ഗൈഡ് ഇതൊക്കെ വിവരിച്ചു പറഞ്ഞപ്പോള്‍ എന്റെ മനസ്സിലുദിച്ച ഒരു ചോദ്യം. അധികാരത്തിലെത്തിയാല്‍ ഇത്തരത്തിലുള്ള മനുഷ്യര്‍ എങ്ങനെ കാട്ടുമനുഷ്യരായി മാറുന്നു? ഓര്‍ത്തഡോക്സ് സഭ ഇതര ക്രിസ്ത്യന്‍ സഭകള്‍ ഒരുമിച്ച് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധമുണര്‍ത്തി. രാജ്യത്തെ യുവജനങ്ങളുടെ നേതൃത്വത്തില്‍ 150,000 ആളുകള്‍ ബുക്കാറെസ്റ്റില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു.
അധികാര്രഭാന്തനായിരുന്ന സിയോസെസ്കു ജനങ്ങളെ ഭയന്ന് ഭാര്യ എലീനക്കൊപ്പം ഹെലികോപ്റ്ററില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റൊമാനിയയുടെ വ്യോമാതിര്‍ത്തിയില്‍ പറക്കുന്നത് നിയന്ത്രിച്ചിരുന്ന സൈന്യം നിരത്തിലിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വെടിവെച്ചിടുമെന്ന് മുന്നറിയിപ്പ് കൊടുത്തു. പോലീസ്, പട്ടാളം, റേഡിയോ വാര്‍ത്തകള്‍ ശ്രവിച്ചുകൊണ്ടിരുന്നതിനാല്‍
സിയോസെസ്കുവിന് രക്ഷപെടാന്‍ സാധിച്ചില്ല. മണ്ണില്‍ കാലുകുത്തിയാലുടന്‍ പോലീസ് അറസ്റ്റ് ചെയ്തു പട്ടാളത്തിന് കൈമാറി. വികാരഭരിതനായ അപ്പൊസ്റ്റോള്‍ ഇങ്ങനെ പറഞ്ഞു. ഡിസംബര്‍ 25, 1989 ക്രിസ്മസ് പുലരി റൊമാനിയന്‍ ചരിത്രസംസ്കൃതിയുടെ പൂത്തുലയുന്ന ദിവസമാണ്. കര്‍പ്പാത്തിയന്‍ മലമടക്കുകളില്‍ താമസിച്ചിരുന്ന ഗ്രമീണരും നഗരവാസികളും നേര്‍ത്ത മൂടല്‍മഞ്ഞില്‍ ക്രിസ്മസ് ആനന്ദത്തോടെ ആഘോഷിച്ച ദിവസം. അന്നത്തെ താല്‍ക്കാലിക സര്‍ക്കാരായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടിന്റെ ഉത്തരവനുസരിച്ച് കോടതിക്ക് മുമ്പാകെ സിയൂസ്കസിനെ വിചാരണ ചെയ്തു. അനധികൃത സ്വത്ത് ശേഖരണം, അധികാര ദുര്‍വിനിയോഗം, വംശഹത്യ, മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ക്ഷുഭിതനായ സിയോസെസ്കു തന്നെ വിചാരണ ചെയ്യാനുള്ള കോടതിയുടെ അധികാരത്തെ നിരസിച്ചു. താന്‍ ഇപ്പോഴും നിയമപരമായി റൊമാനിയയുടെ (പസിഡന്റാണെന്ന് ഉറപ്പിച്ചു പറഞ്ഞു. വിചാരണയിലുടനീളം സിയോസെസ്കു കുറ്റക്കാരണെന്ന് കോടതി കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചു. ഭാര്യയുടെ ആവശ്യപ്രകാരം രണ്ട് പേരും ഒന്നിച്ചുമരിക്കാന്‍ തയ്യാറായി. പട്ടാളക്കാര്‍ അവരെ പുറത്തുകൊണ്ടുപോയി വെടിവെച്ചുകൊന്നു. അങ്ങനെ 42 വര്‍ഷത്തെ കമ്മ്യൂണിസ്ററ് ഭരണത്തിന് അന്ത്യം കുറിച്ചു.
അവിടെ നിന്ന് ഞങ്ങള്‍ പോയത് മണിമേടകളില്‍ കിടന്നുറങ്ങിയ നിക്കോളെയും എലീന സ്യൂഷെസ്കുവിനെയും അടക്കം ചെയ്ത ബുച്ചാറെസ്റ്റിലെ ഗെന്‍സിയ സെമിത്തേരിയിലേക്കാണ്. എല്ലാവരുടെയും മുഖത്ത് നിസ്സംഗത മാത്രം. വലിയ ആകര്‍ഷണീയതയില്ലാത്ത ശവകുടീരങ്ങളിലേക്ക് ഞാന്‍ കൌതുക പൂര്‍വ്വം നോക്കി. മനുഷ്യരെ അടിമനുകത്തില്‍ കെട്ടിയവര്‍ക്ക് ഒടുവില്‍ ലഭിക്കുന്ന വാസയോഗ്യമായ ഇരുട്ടറകള്‍. ഇവിടെയുള്ളവര്‍ പാതാളഗുഹകള്‍ തീര്‍ത്ത് ഉന്മത്തരായി തുള്ളിച്ചാടട്ടെ. മനുഷ്യര്‍ക്ക് മുന്നില്‍ തലകുനിക്കാത്ത ഏകാധിപതികളുടെ മക്കളെ ഹൃദയത്തോടെ ചേര്‍ത്തു വെച്ച് ചിന്തിച്ചാല്‍ അവരുടെ മനസ്സ് സംഘര്‍ഷഭരിതമാണ്. മൌന നൊമ്പരങ്ങളില്‍ മാതാപിതാക്കളെ ഉള്ളിലിരുന്ന് ശപിക്കുന്ന മക്കള്‍. ഇളം വെയിലില്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ പ്രതീകങ്ങളായി കല്ലറയില്‍ പൂക്കള്‍ തിളങ്ങുന്നു. ആകാശത്ത് ആലസ്യംപൂണ്ട മഴമേഘങ്ങള്‍ ഇരുള്‍ പരത്തികൊണ്ടിരുന്നു.