കൊച്ചി: ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചെങ്കിലും സർവീസുകളുടെ പ്രതിസന്ധി എയർ ഇന്ത്യ എക്‌സ്പ്രസിൽ അവസാനിക്കുന്നില്ല. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് റദ്ദാക്കിയത്.
ബഹ്‌റൈൻ, ഹൈദരാബാദ്, ദമാം, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഷെഡ്യൂൾ ചെയ്ത സർവീസുകളാണിവ. ഇന്നലെയാണ് കമ്പനി ഇക്കാര്യം യാത്രക്കാരെ അറിയിച്ചത്.
പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം. ഇന്നലെ കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ട ആറു വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. 2 ദിവസത്തിനകം സർവീസുകള്‍ പൂർണതോതില്‍ പുനരാരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ജീവനക്കാർ തിരികെ എത്തുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ചയോടെ സർവീസുകൾ പൂർണമായും സാധാരണ നിലയിലാകുമെന്നാണ് അറിയിപ്പ്. ജീവനക്കാരുടെ സമരത്തെ തുടർന്ന് രണ്ട് ദിവസത്തിനിടെ 180 ഓളം സർവീസുകളാണ് മുടങ്ങിയത്. ലേബർ കമ്മിഷൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. സമരക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുമെന്ന് കമ്പനി പറഞ്ഞു.