ജിദ്ദ: സൗദി അറേബ്യയിലെ മദീനയിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഹജ് തീർഥാടക ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം റിയാദില്‍ അടിയന്തര ലാൻഡിംഗ് നടത്തി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ബീഹാറിലെ ദർഭംഗ ജില്ലയിലെ ബിറൗൾ സ്വദേശിനിയായ അറുപത്തിയെട്ടുകാരിയായ മൊമിന ഖാത്തൂൺ മെയ് 12 ഞായറാഴ്ചയാണ് കൊല്‍ക്കത്തയില്‍ നിന്ന് ഭർത്താവ് മുഹമ്മദ് സദ്‌റുൽ ഹഖിനും മകൻ മുഹമ്മദ് മെരാജിനുമൊപ്പം മദീനയിലേക്ക്
പുറപ്പെട്ടത്.
യാത്രയ്ക്കിടെ മോമിനയ്ക്ക് ദേഹാസ്വസ്ഥത തോന്നിയതിനാല്‍ വിമാനം റിയാദില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. തുടര്‍ന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍, അവര്‍ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തെക്കുറിച്ച് വിമാനത്താവള അധികൃതർ റിയാദിലെ ഇന്ത്യൻ എംബസിയെ അറിയിക്കുകയും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സംഭവത്തില്‍ ഇടപെടുകയും ചെയ്തു. ശിഹാബിൻ്റെ പിന്തുണയോടെ ഇന്ത്യൻ എംബസി കുടുംബത്തെ ആശ്വസിപ്പിച്ചു.
ഖബറടക്കം മെയ് 13 തിങ്കളാഴ്ച റിയാദിൽ നടന്നതായി ശിഹാബ് പറഞ്ഞു. മൊമിനയുടെ ഭർത്താവും മകനും ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ മദീനയിലേക്ക് യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.