മലപ്പുറം: വിദ്യാഭ്യാസ സാമൂഹിക സന്നദ്ധ സംഘടനയായ ലാം നോളജ് സെൻ്ററിൻ്റെയും പൈതൃക പഠന ഗവേഷകരുടെയും നേതൃത്വത്തിൽ മലപ്പുറം ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. ബ്രിട്ടീഷ് കോളനി വിരുദ്ധ ചെറുത്തുനിൽപ്പുകൾ അരങ്ങേറിയ മലപ്പുറത്തിൻ്റെ പരിസര പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര.
1921 ലെ പൂക്കോട്ടൂർ യുദ്ധഭൂമി, രക്തസാക്ഷികളുടെ കൂട്ട ഖബറുകൾ, യുദ്ധസ്മാരകം, ബ്രിട്ടീഷ് സൈനികരുടെ ശവക്കല്ലറ, മേൽമുറി അധികാരിത്തൊടിയിലെ വീട്ടുമുറ്റത്തെ ഖബറുകൾ, മൂന്നു നൂറ്റാണ്ടോളം മുമ്പ് മലപ്പുറം പട നടന്ന മലപ്പുറം വലിയങ്ങാടി പള്ളി, കോട്ടപ്പടിയിലെ പാറനമ്പിയുടെ കോട്ടവാതിൽ, എം.എസ്.പി മ്യൂസിയം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. എഴുത്തുകാരൻ ഡോ. ജമീൽ അഹ്മദ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കൽ യാത്രക്ക് നേതൃത്വം നൽകി. ചരിത്ര വിദ്യാർഥികൾ, എഴുത്തുകാർ, ചരിത്ര ഗവേഷകർ, മാധ്യമപ്രവർത്തകർ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു.