കണ്ണൂര്‍: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി ശ്യാംജിത്തിന് ജീവപര്യന്തം ശിക്ഷ വിധിച്ചു. മാനന്തേരി കളത്തിൽ ശ്യാംജിത്താണ് കണ്ണച്ചാങ്കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്.
2022 ഒക്‌ടോബർ 22 ന് പുലർച്ചെയാണ് സംഭവം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഐപിസി 449, 32 വകുപ്പുകൾ പ്രകാരം അഡീഷണൽ സെഷൻസ് കോടതി ഇന്നലെയാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചത്. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി മൃദുലയാണ് പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചത്.
വിഷ്ണുപ്രിയയുടെ സഹോദരിയുടെ സഹപാഠിയായ ശ്യാംജിത്തുമായുള്ള വിഷ്ണുപ്രിയയുടെ പരിചയം പിന്നീട് സൗഹൃദമായി മാറുകയും എന്നാല്‍, വിഷ്ണുപ്രിയ അടുക്കാതിരുന്നത് പിന്നീട് വൈരാഗ്യത്തിലേക്ക് നയിക്കുകയും ചെയ്തു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് സുഹൃത്തുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ കട്ടിലിൽ ഇരുന്ന വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് ബോധരഹിതയാക്കി ഇരുതല മൂര്‍ച്ചയുള്ള കത്തികൊണ്ട് കഴുത്തറുക്കുകയും ദേഹമാസകലം കുത്തുകയും ചെയ്തെന്നാണ് പ്രതി ശ്യാം ജിത്തിനെതിരായ കേസ്.
വിഷ്ണുപ്രിയയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയനുസരിച്ച് വിഷ്ണുപ്രിയ മരണപ്പെട്ട ശേഷവും ദേഹത്ത് പത്തോളം മുറിവുകൾ പ്രതി ഉണ്ടാക്കിയിട്ടുണ്ട്. താനുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയതായും ഫോൺ പെട്ടെന്ന് കട്ടായതായും വിഷ്ണുപ്രിയയുടെ സുഹൃത്തായ മലപ്പുറം സ്വദേശി പാനൂർ പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് അന്ന് വൈകിട്ട് തന്നെ പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തിരുന്നു.