ഓഡിറ്റ് കേസില്‍ തോറ്റാൽ ട്രംപിന് 100 മില്യൺ ഡോളറിലധികം നികുതിയും പിഴയും നൽകേണ്ടിവരുമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ ഷിക്കാഗോയിലെ അംബരചുംബിയായ കെട്ടിടത്തിന് വൻ നഷ്ടം വരുത്തിയെന്ന അവകാശവാദത്തിൽ വർഷങ്ങളായി തുടരുന്ന ഇൻ്റേണൽ റവന്യൂ സർവീസ് (ഐആർഎസ്) അന്വേഷണത്തില്‍ പരാജയപ്പെട്ടാല്‍ 100 ​​മില്യൺ ഡോളറിലധികം പിഴയും നികുതിയും നൽകേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.

വിവിധ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ ഒരു ഇൻ്റേണൽ റവന്യൂ സർവീസ് അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച്, തൻ്റെ പ്രശ്‌നബാധിതമായ ഷിക്കാഗോ ടവറിന്റെ പേരില്‍ അനധികൃതമായി നികുതി ഇളവുകൾ ക്ലെയിം ചെയ്യാൻ ട്രംപ് “സംശയാസ്‌പദമായ അക്കൗണ്ടിംഗ് തന്ത്രം” ഉപയോഗിച്ചതായി പറയുന്നു.

ഷിക്കാഗോ നദിക്കരയിലുള്ള ഏറ്റവും ഉയരം കൂടിയതും 92 നിലകളുമുള്ള, സ്ഫടിക ഷീറ്റുള്ള അംബരചുംബിയായ കെട്ടിട സമുച്ചയമാണ് ട്രംപിൻ്റെ അവസാനത്തെ പ്രധാന നിർമ്മാണ പദ്ധതി.

എന്നാൽ, ബിസിനസ് നഷ്ടത്തിലാണെന്ന് കാണിച്ച് ഐ ആര്‍ എസിനെ തെറ്റിദ്ധരിപ്പിക്കുകയും നികുതി കൊടുക്കാതെ രണ്ടു തവണ നഷ്ടം എഴുതിത്തള്ളിയതുമാണ് ട്രം‌പിന്റെ പേരിലുള്ള ഒരു കുറ്റം.

2008-ലെ ട്രംപിൻ്റെ നികുതി റിട്ടേണിലാണ് ആദ്യത്തെ എഴുതിത്തള്ളൽ കാണിച്ചത്. വിൽപ്പന വളരെ പിന്നിലായതിനാൽ, കോണ്ടോ-ഹോട്ടൽ ടവറില്‍ നിന്ന് തനിക്ക് ലാഭമൊന്നും ഇല്ലെന്നായിരുന്നു ട്രം‌പ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ വർഷം 651 മില്യൺ യുഎസ് ഡോളറിൻ്റെ നഷ്ടമാണ് ട്രംപ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2010-ൽ, ട്രംപും അദ്ദേഹത്തിൻ്റെ നികുതി ഉപദേഷ്ടാക്കളും ഷിക്കാഗോ പ്രോജക്റ്റിൽ നിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചതാണ് ഐആർഎസിൽ നിന്ന് അന്വേഷണങ്ങൾ നേരിടാന്‍ കാരണമായത്. ആദ്യം, അദ്ദേഹം ടവറിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയെ ഒരു പുതിയ പങ്കാളിത്തത്തിലേക്ക് മാറ്റി. അടുത്തതായി 168 മില്യൺ ഡോളർ അധിക നഷ്ടം റിപ്പോര്‍ട്ട് ചെയ്യാന്‍ ഈ മാറ്റം ന്യായീകരണമായി ഉപയോഗിച്ചു.

2016ലെ പ്രസിഡൻഷ്യൽ കാമ്പെയ്ൻ മുതൽ ട്രംപിൻ്റെ നികുതി രേഖകൾ തീവ്രമായ ഊഹാപോഹങ്ങള്‍ നിറഞ്ഞതായിരുന്നു. പതിറ്റാണ്ടുകളായി അദ്ദേഹം റിട്ടേണുകൾ പുറത്തുവിടാൻ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പങ്കാളിത്തത്തെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ നിന്ന് നികുതി ആനുകൂല്യങ്ങൾ തേടുന്ന സമ്പന്നർക്ക് ട്രംപിൻ്റെ തർക്കത്തിൻ്റെ ഫലം ഒരു മാതൃക സൃഷ്ടിക്കും.

റിപ്പബ്ലിക്കൻ 2024 ലെ പ്രസിഡൻഷ്യൽ സ്ഥാനാര്‍ത്ഥിയായ ട്രംപിന് മറ്റൊരു സാമ്പത്തിക ഭീഷണിയെയാണ് ഓഡിറ്റ് പ്രതിനിധീകരിക്കുന്നത്.

ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് കൊണ്ടുവന്ന കേസില്‍ 83.3 മില്യൺ ഡോളറും മറ്റൊരു സിവിൽ തട്ടിപ്പ് കേസിൽ 454 മില്യൺ ഡോളറും അടയ്ക്കാൻ കഴിഞ്ഞ മാസങ്ങളിൽ ഉത്തരവിട്ടിരുന്നു. എന്നാൽ, രണ്ട് വിധികൾക്കും എതിരെ ട്രംപ് അപ്പീൽ നൽകിയിട്ടുണ്ട്.

2016 ലെ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് ഒരു അശ്ലീല താരത്തിന് പണം നൽകിയത് മറച്ചുവെച്ചതിന് അദ്ദേഹം മാൻഹട്ടനിലെ ഒരു ക്രിമിനൽ വിചാരണ നേരിടുകയാണ്.

Print Friendly, PDF & Email

Leave a Comment

More News