മലപ്പുറത്ത് ആവശ്യമായ +1 ബാച്ചുകൾ അനുവദിക്കുക, വിദ്യാഭ്യാസ മേഖലയിൽ മലപ്പുറത്തോട് നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ ഉയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ‘മലപ്പുറം മെമ്മോറിയൽ’ പ്രക്ഷോഭത്തിൻ്റെ പടപ്പുറപ്പാട് 15 ന് ബുധനാഴ്ച നടക്കും.
മലപ്പുറത്തോടുള്ള വിവേചനങ്ങൾ അവസാനിക്കുന്നത് വരെ പിൻമടക്കമില്ലാത്ത സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.
ജില്ലയിലെ വിദ്യാഭ്യസ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യമുയർത്തി കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സമരങ്ങളെ കൂടുതൽ സജീവമായി മുന്നോട്ട് കൊണ്ട് പോകാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം.
മലപ്പുറം മെമ്മോറിയലിന് കീഴിൽ പടപ്പുറപ്പാട്, ഡോർ ടു ഡോർ കാമ്പയിൻ, ജനകീയ വിചാരണ സദസ്സുകൾ, തെരുവ് ക്ലാസുകൾ,
ചർച്ചാ സംഗമങ്ങൾ, പദയാത്രകൾ, ഉപരോധ സമരം, കലാജാഥകൾ, വഴി തടയൽ സമരം, വഴി തടയൽ സമരം, മലപ്പുറം പട തുടങ്ങി വിവിധ തരത്തിലുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
നിലവിൽ ജില്ലയിൽ 85 സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളും 88 എയ്ഡഡ് ഹയർസെക്കന്ററികളുമാണുള്ളത്. രണ്ടിലുമായി 839 ബാച്ചുകളുണ്ട്. അടിസ്ഥാനപരമായി ഒരു ബാച്ചിൽ 50 വിദ്യാർഥികളാണ് ഉണ്ടാവേണ്ടത്. അങ്ങനെയാകുമ്പോൾ 41950 പ്ലസ് വൺ സീറ്റുകളാണ് യഥാർത്ഥത്തിൽ പൊതുമേഖലയിൽ ജില്ലയിലുള്ളത്. ഈ വർഷം പത്താം ക്ലാസ് ജയിച്ചവരുടെ എണ്ണം 79730 ആണ് (CBSE യും ICSE യുടെയും റിസൽറ്റ് വരുമ്പോൾ ഇതിനിയും വർധിക്കും). പൊതുമേഖയിൽ നിലവിൽ 24805 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ടെന്നർഥം. ( ജില്ലയിലെ വി എച്ച് എസ് ഇ 2325 സീറ്റുകൾ കൂടി കൂട്ടിയ കണക്കാണിത് )
ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം പുതിയ അഡീഷണൽ ബാച്ചുകൾ അനുവദിക്കുക എന്നുള്ളത് മാത്രമാണ്. ദൗർഭാഗ്യവശാൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി സർക്കാർ താൽക്കാലിക പരിഹാരമെന്നോണം ഹയർ സെക്കന്ററിയിൽ ഓരോ ബാച്ചിലും 30 ശതമാനവും എയ്ഡഡിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചുകൊണ്ടാണ് പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. തൽഫലമായി 30 മുതൽ പരമാവധി 50 കുട്ടികൾ പഠിക്കേണ്ട ക്ലാസ്സുകളിൽ ജില്ലയിൽ 65 കുട്ടികൾ തിക്കിഞെരുങ്ങി ഇരിക്കേണ്ട അവസ്ഥയുണ്ടാകുന്നു.
സർക്കാർ മുൻപാകെ വിഷയത്തിന്റെ വ്യാപ്തി പലതവണ ബോദ്ധ്യപ്പെടുത്തി നൽകിയിട്ടും ശാശ്വതമായ നടപടി സ്വീകരിക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധിയായ സമരങ്ങ പ്രക്ഷോഭങ്ങൾ മേൽവിഷയത്തിൽ ജില്ലയിലുടനീളം നടത്തുകയും സംഘടനയുടെ നിരവധി പ്രവർത്തകരും നേതാക്കളും ലാത്തിച്ചാർജിൽ പരിക്കേൽക്കുകയും അറസ്റ്റ് വരിക്കുകയും ജയിലിലടക്കം കഴിയുകയുമുണ്ടായി. എന്നിട്ടും മേൽവിഷയത്തോട് ഉദാസീനമായി മാത്രമാണ് സർക്കാർ പ്രതികരിക്കുന്നത്. എന്നാൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണും വരെ വർഷങ്ങളായി നടത്തിവരുന്ന സമരപ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ തീരുമാനം.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
1. ജംഷീൽ അബൂബക്കർ ( പ്രസിഡന്റ്, ഫ്രറ്റേണിറ്റി മലപ്പുറം )
2. സാബിറ ശിഹാബ് ( ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മലപ്പുറം )
3. ബാസിത് താനൂർ ( ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മലപ്പുറം )
4. വി.ടി.എസ് ഉമർ തങ്ങൾ ( വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മലപ്പുറം )
5. സുജിത്ത് (സെക്രട്ടറി , ഫ്രറ്റേണിറ്റി മലപ്പുറം )
6. അൽത്താഫ് ശാന്തപുരം (സെക്രട്ടറി, ഫ്രറ്റേണിറ്റി മലപ്പുറം )