തമിഴ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. വിവാഹമോചനം കൂട്ടായി എടുത്ത തീരുമാനമാണെന്നും 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും ഇരുവരും പറയുന്നു. ഇരുവരും വിവാഹമോചിതരാകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വാർത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
“ഒരുപാട് ആലോചനകൾക്ക് ശേഷം ഞാനും സൈന്ധവിയും ഞങ്ങളുടെ 11 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനം, മനഃസ്സമാധാനം, ഭാവി ജീവിതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള തീരുമാനമാണിത്. മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ പരിഗണിക്കാനും ബഹുമാനിക്കാനും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വേർപിരിയൽ ഞങ്ങൾ ഒരുമിച്ച് എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്,” ജി വി പ്രകാശ് ചൂണ്ടിക്കാട്ടി. സൈന്ധവിയും ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
സ്‌കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്ന ജിവി പ്രകാശും സൈന്ധവിയും 2013 ലാണ് വിവാഹിതരായത്. 2020 ലാണ് ഇരുവരുടെയും മകൾ അൻവി ജനിച്ചത്. ജിവി പ്രകാശ് ഈണം നൽകിയ നിരവധി ഗാനങ്ങൾ സൈന്ധവി ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതിന്റെ നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവയായിരുന്നു.
എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.