തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നും, തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു.
കൊമോറിൻ തീരത്ത് ഒരു ചക്രവാകച്ചുഴി നിലനിൽക്കുന്നുണ്ട്. കേരള തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ മറ്റൊരു ചക്രവാകച്ചുഴിയും നിലനിൽക്കുന്നു. ഇതിൻ്റെ ഫലമായി മഴ ശക്തി പ്രാപിക്കും.
മെയ് 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. ഇടിയോട് കൂടിയുള്ള മഴയ്‌ക്കാണ് സാധ്യത. ഞായറാഴ്ചയോടെ തെക്കൻ ആൻഡമാൻ കടലിലേക്കും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്കും കാലവർഷം എത്തിച്ചേർന്നേക്കും.
കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണ്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.