മുക്കുപണ്ടം പണയം വെച്ച് ഒരു കോടിയോളം രൂപ തട്ടിയെടുത്ത നാല്‍‌വര്‍ സംഘത്തെ അറസ്റ്റു ചെയ്തു

ആലപ്പുഴ: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേർ പിടിയിൽ. തൃച്ചാട്ടുകുളം സിയാദ് മൻസിലിൽ സിയാദ് (32), അരൂക്കുറ്റി ലൈലാ മൻസിലിൽ നിയാസ് (32), വടുതല ഊട്ടുകുളം വീട്ടിൽ റിയാസ് (45), കോയമ്പത്തൂർ തെലുങ്കുപാളയത്തിൽ അറുമുഖം എന്നിവരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.

കോയമ്പത്തൂർ സ്വദേശി അറുമുഖം എന്ന സ്വർണപ്പണിക്കാരനാണ് പ്രതികൾക്കു വേണ്ടി മുക്കുപണ്ടം നിർമിച്ചത്. ആഭരണങ്ങളുടെ പുറം‌ഭാഗത്ത് ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം ചേർത്താണ് 10 ഗ്രാം ഭാരമുള്ള വളകൾ ഇവർ നിർമിച്ചത്. കോയമ്പത്തൂരില്‍ പോയി വളകൾ പണിയിപ്പിച്ചത് നിയാസും സിയാദും ചേര്‍ന്നാണ്. 250 ഓളം സ്വർണ്ണ വളകളാണ് ഇത്തരത്തിൽ ഇവര്‍ പണിയിപ്പിച്ചത്.

കഴിഞ്ഞ ഒരു വർഷക്കാലമായി പ്രതികൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. പണം അത്യാവശ്യമുള്ള സുഹൃത്തുക്കളെ കണ്ടെത്തി അവരെ കൊണ്ടാണ് സ്വർണം പണയം വെപ്പിച്ചിരുന്നത്. ഒരു വലിയ തുക സ്വർണ്ണപ്പണത്തിലൂടെ വാങ്ങിയ ശേഷം സുഹൃത്തുക്കൾക്ക് ചെറിയ തുക മാത്രം നൽകി ബാക്കി തുക പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു പതിവ്.

ചേർത്തലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ മുക്കുപണ്ടം പണയം വെച്ചതിന് ശേഷം തിരികെ എടുത്തില്ല. തുടര്‍ന്ന് ധനകാര്യ സ്ഥാപനം സ്വർണ്ണം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിനെ തുടർന്നാണ് തട്ടിപ്പ് പുറത്ത് വന്നത്. മുക്കുപണ്ടം വെച്ച് ലഭിക്കുന്ന പണം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

റിയാസിനെ വ്യാഴാഴ്ചയും മറ്റ് പ്രതികളെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ ജില്ലകളിലായി 250 ഓളം വളകൾ പ്രതികൾ പണയം വെച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News