പ്രയാഗ്‌രാജ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവും ഞായറാഴ്ച ഫുൽപൂരിൽ നടന്ന സംയുക്ത തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാതെ വേദി വിട്ടു.
റാലിയിൽ പങ്കെടുക്കാൻ നിരവധി കോൺഗ്രസ്, എസ്പി അനുഭാവികൾ വേദിയിൽ എത്തിയിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. യാദവ് വേദിയിൽ എത്തിയപ്പോൾ, സ്റ്റേജിന് മുന്നിൽ നിന്ന ജനക്കൂട്ടം ബാരിക്കേഡുകൾ തകർത്ത് അവിടെയെത്തി.
എസ്പിയുടെയും കോൺഗ്രസിൻ്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പിൽ, വേദിയിലുള്ള ആളുകൾ ജനക്കൂട്ടത്തോട് പിന്നോട്ട് പോകാൻ ആവശ്യപ്പെടുന്നത് കേൾക്കാം. എന്നാല്‍, വേദിയിൽ നിന്ന് നടത്തിയ അഭ്യർത്ഥനകൾ ജനക്കൂട്ടത്തെ സ്വാധീനിക്കുന്നതിൽ പരാജയപ്പെട്ടു.
രാഹുലും അഖിലേഷും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞപ്പോൾ വേദി വിടുന്നതിന് മുമ്പ് കുറച്ച് മിനിറ്റ് എന്തെങ്കിലും സംസാരിച്ചതല്ലാതെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല.
ഫുൽപൂർ ലോക്‌സഭാ സീറ്റിൽ എസ്പി ടിക്കറ്റിൽ മത്സരിക്കുന്ന അമർനാഥ് മൗര്യയെ അനുകൂലിച്ചാണ് സംയുക്ത റാലി സംഘടിപ്പിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശത്തെ തുടർന്നാണ് റാലിയെ അഭിസംബോധന ചെയ്യേണ്ടെന്ന് അഖിലേഷും രാഹുലും തീരുമാനിച്ചതെന്ന് സമാജ്‌വാദി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പിന്നീട് ഇരുവരും പ്രയാഗ്‌രാജിലെ മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്തു.
എസ്പിയോ കോൺഗ്രസോ റാലിയെക്കുറിച്ച് ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.
കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായിയെ ബന്ധപ്പെട്ടപ്പോൾ, “ഞാൻ വാരണാസിയിലാണ്, ഫുൽപൂരിലെ റാലിയെക്കുറിച്ച് ഒരു വിവരവുമില്ല,” എന്ന് മാധ്യമങ്ങളോട് പറഞ്ഞു.