ഗാസയിൽ നടക്കുന്നത് വംശഹത്യയല്ല; ഇസ്രായേലിനെ പിന്തുണച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍: കഴിഞ്ഞ ഏഴ് മാസമായി ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധം തുടരുകയാണ്. ഇതുവരെ 35,000ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. യുദ്ധം ആരംഭിച്ച ദിവസം മുതല്‍ യു എസ് ഇസ്രയേലിന് തുടർച്ചയായി പിന്തുണയ്ക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതിനിടെ ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്നും, സം‌യമനം പാലിക്കണമെന്നുമൊക്കെ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഘോരഘോരം പ്രസ്താവനകളിറക്കിയെങ്കിലും അദ്ദേഹത്തിന്റെ ആ പ്രസ്താവനകള്‍ പാഴ്‌വാക്കുകളാണെന്ന് പിന്നീട് തെളിയുകയും ചെയ്തു

ഇപ്പോഴിതാ വീണ്ടും അദ്ദേഹം ഇസ്രായേലിന് തൻ്റെ പിന്തുണ അറിയിച്ചിരിക്കുകയാണ്. ജൂത അമേരിക്കൻ പൈതൃക മാസത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിൽ നടത്തിയ ചടങ്ങിലാണ് ഗാസയിൽ നടക്കുന്നത് വംശഹത്യയല്ലെന്ന് അദ്ദേഹം പറഞ്ഞത്.

ജൂത അമേരിക്കൻ പൈതൃക മാസം (JAHM) മെയ് മാസത്തിൽ അമേരിക്കയിലെ അമേരിക്കൻ ജൂതന്മാരുടെ നേട്ടങ്ങളുടെയും സംഭാവനകളുടെയും വാർഷിക അംഗീകാരവും ആഘോഷവുമാണ്. റോസ് ഗാർഡനിൽ നടന്ന ചടങ്ങിൽ ഡസൻ കണക്കിന് അതിഥികൾ ഒത്തുകൂടി.

അതേസമയം, ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന വാദങ്ങളെ ബൈഡൻ തള്ളിക്കളഞ്ഞു. യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അഭ്യർത്ഥനയെയും അദ്ദേഹം വിമർശിച്ചു. ഇതിനുപുറമെ, ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനെ പിന്തുണയ്ക്കുമെന്ന് വാഗ്ദാനം ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News