തിരുവനന്തപുരം: പുറപ്പെടേണ്ട സമയത്തു തന്നെ ബസ് പുറപ്പെടാതെ യാത്രക്കാരുടെ യാത്രക്ക് മുടക്കം വരുത്തിയാല്‍ ടിക്കറ്റ് തുക തിരികെ നൽകുന്ന പുതിയ നയ പ്രഖ്യാപനവുമായി കെ എസ് ആര്‍ ടി സി. ടിക്കറ്റ് റിസർവ് ചെയ്തവരുടെ അവകാശങ്ങൾക്ക് മുൻഗണന നൽകാനാണ് ഈ മാറ്റം. ബസ് വൈകുകയോ രണ്ട് മണിക്കൂറിൽ കൂടുതൽ താമസം വരുത്തുകയോ ചെയ്താൽ യാത്രക്കാർക്ക് പണം തിരികെ ചോദിക്കാം. 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് തുക തിരികെ നൽകും.
റീഫണ്ട് നയങ്ങൾ ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തി യാത്രക്കാരെ ആകർഷിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ പരിഷ്കാരം. റിസർവേഷൻ സംവിധാനത്തിലെ പിഴവുകൾക്ക്, സേവന ദാതാവിൽ നിന്ന് പിഴ ഈടാക്കുകയും തുക ഉപഭോക്താവിന് നൽകുകയും ചെയ്യും.
സാങ്കേതികത കരാർ, വാഹനാപകടം എന്നിവ കാരണം യാത്ര പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തുക രണ്ടു ദിവസത്തിനുള്ളിൽ തിരികെ നൽകും. യാത്രക്കാർക്ക് തുക തിരികെ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കുന്നതാണ്.
യാത്രാവേളയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ ബസില്‍ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ഇത്തരം കേസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50 ശതമാനംവരെ തിരികെ ലഭിക്കും. യാത്ര ചെയ്തില്ലെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ടാകില്ല.