ന്യൂഡൽഹി : ബഹ്റൈനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്ന് 54 ലക്ഷം രൂപ വിലവരുന്ന സ്വർണം കസ്റ്റംസ് അധികൃതര്‍ പിടികൂടി.
ഇന്ന് ( മെയ് 23 വ്യാഴാഴ്ച) രാവിലെ ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ (IGIA) എത്തിയ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയതോടൊപ്പം അറസ്റ്റു ചെയ്യുകയും ചെയ്തു.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാത്രക്കാരനെ പിടികൂടിയതെന്നും 853 ഗ്രാം തൂക്കം വരുന്ന സ്വർണം കടത്തുന്നതിനിടെയാണ് പിടികൂടിയതെന്നും ഡൽഹി കസ്റ്റംസ് പറഞ്ഞു.
1962ലെ കസ്റ്റംസ് ആക്ട് പ്രകാരമാണ് വെളിപ്പെടുത്താത്ത സ്വർണം കണ്ടുകെട്ടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യൻ കസ്റ്റംസ് നിയമമനുസരിച്ച്, പുരുഷ യാത്രക്കാർക്ക് 50,000 രൂപ വരെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായി 20 ഗ്രാം ഡ്യൂട്ടി ഫ്രീ സ്വർണം ആഭരണങ്ങളായോ ബാറുകളായോ കൊണ്ടുവരാം. സ്ത്രീ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ സ്വർണ്ണ പരിധി 40 ഗ്രാം (100,000 രൂപ) ആണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.