ഡിഫറൻറ് ആര്‍ട്ട് സെന്ററിൽ തൊഴില്‍ ശാക്തീകരണ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ തൊഴില്‍ ശാക്തീകരണ പദ്ധതിയായ ഇമേജിന് തുടക്കമായി. ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെ ഗ്രാഫിക് ഡിസൈന്‍, വീഡിയോ എഡിറ്റിംഗ് പരിശീലന പരിപാടിയോടെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കുവാനും അതിലൂടെ അവര്‍ക്ക് വരുമാനം കണ്ടെത്തുവാനും സ്വയം പര്യാപ്തരാകാനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭിന്നശേഷിക്കാര്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സര്‍ക്കാര്‍ തലത്തില്‍ നല്‍കുന്നുണ്ടെന്നും അത്തരത്തില്‍ ഇമേജ് പദ്ധതി ഭിന്നശേഷിക്കാര്‍ക്കുള്ള ഒരു നൂതന പരിശീലന പദ്ധതിയാണെന്നും, പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു സംസാരിച്ച സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍ക്കർ ഐ.എ.എസ് പറഞ്ഞു.

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഇരുപതോളം ഭിന്നശേഷിക്കാരെയാണ് ആദ്യഘട്ടത്തില്‍ പരിശീലിപ്പിക്കുന്നത്. ഇതിനായി ടൂണ്‍സ് അക്കാദമിയില്‍ നിന്നും വിദഗ്ദ്ധരായ ഫാക്കള്‍റ്റികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങില്‍ ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, സെന്റര്‍ ടീം ഹെഡ് അജിത് കുമാര്‍.സി, ഫാക്കല്‍റ്റി ഷെമിന്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റർവെന്‍ഷന്‍ ഡയറക്ടര്‍, ഡോ. അനില്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പരമാവധി തൊഴില്‍ സാധ്യത ഉറപ്പുവരുത്തുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News