തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത് ഓർത്തെടുത്തു.
1841 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കൽ സി.എം.എസ് പള്ളിക്കൂടം ഹൈസ്ക്കൂൾ ആയി ഉയർത്തപെട്ടതിന് ശേഷമുള്ള ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ തങ്ങളുടെ അധ്യാപകനെ കണ്ടെത്തി ആദരിക്കുവാനും തങ്ങളുടെ സഹപാഠികളായ മികച്ച കർഷകനും കുന്തിരിക്കൽ സെന്റ് തോമസ് സി.എസ്.ഐ ചർച്ച് വാർഡനുമായ സജി എബ്രഹാമിനെയും തൊഴിലാളിയായ ഉദയ കുമാറിനെയും അനുമോദിക്കുവാനും മറന്നില്ല. എക്സൈസ് ഇന്‍സ്പെക്ടര്‍ കെവി ബിജു ഉൾപ്പെടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ ഇവർ. വീണ്ടും കാൽപാടുകൾ ‘എന്ന പേരിൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിലാണ് ഇവർ പങ്കെടുത്തുകൊണ്ട് സ്മരണകൾ പങ്കു വെച്ചത്. മന്ത്രി സജി ചെറിയാൻ ‘വീണ്ടും കാൽപാടുകൾ ‘ ഉദ്ഘാടനം ചെയ്തു. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തി.
ഹൈസ്ക്കൂൾ ആദ്യ ബാച്ചിന്റെ സ്നേഹോപകാരമായി പ്രസംഗപീഠം സമ്മാനിക്കുവാൻ സന്നദ്ധരാണെന്നുള്ള വിവരം പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ, ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ , എബി മാത്യു എന്നിവരെ പൂർവ്വ വിദ്യാർത്ഥികളായ എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ്, നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെക്രട്ടറി ഡോ ജോൺസൺ വി.ഇടിക്കുള, വി.പി. സതീശൻ,അനിൽ പി. വർഗ്ഗീസ്, റെജി വർഗ്ഗീസ് ചോളകത്ത്, ബാബു വാഴേത്ര, വി.എസ് സനിൽകുമാർ എന്നിവര്‍ അറിയിച്ചു.