ഇസ്രയേലിൻ്റെ എതിർപ്പിനെ അവഗണിച്ച് അയർലൻഡ് പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു

ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിനെ എതിര്‍ത്തുകൊണ്ടിരുന്ന ഇസ്രായേലിന് തിരിച്ചടി നല്‍കി അയർലൻഡ് ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ചൊവ്വാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം അംഗീകരിച്ചതെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചൊവ്വാഴ്ച, സ്പെയിൻ, അയർലൻഡ്, നോർവേ എന്നിവ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ ഒരുങ്ങിയത് ഇസ്രായേലിൻ്റെ ശക്തമായ പ്രതികരണത്തിന് കാരണമായി. എന്നാല്‍, ഗാസയിൽ ഇസ്രായേല്‍ നടത്തിവരുന്ന യുദ്ധവും അധിനിവേശവും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇസ്രായേൽ വർദ്ധിച്ചുവരുന്ന ഒറ്റപ്പെടലിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

“പലസ്തീനെ ഒരു പരമാധികാരവും സ്വതന്ത്രവുമായ രാഷ്ട്രമായി സർക്കാർ അംഗീകരിക്കുന്നു, ഡബ്ലിനും റമല്ലയും തമ്മിൽ സമ്പൂർണ്ണ നയതന്ത്രബന്ധം സ്ഥാപിക്കാൻ സമ്മതിച്ചു,” പ്രസ്താവനയിൽ പറയുന്നു. ഫലസ്തീൻ സ്‌റ്റേറ്റിലേക്ക് അയർലൻഡ് അംബാസഡറെ നിയമിക്കുന്നതിനും റാമല്ലയിൽ അയർലണ്ടിൻ്റെ സമ്പൂർണ എംബസി സ്ഥാപിക്കുന്നതിനും തീരുമാനവുമായി.

മേഖലയിൽ സമാധാനത്തിനുള്ള പ്രതീക്ഷ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

അയർലണ്ടിൻ്റെ ഈ തീരുമാനം പ്രത്യാശ നിലനിർത്തുന്നതിനെക്കുറിച്ചാണ്. ഇസ്രയേലിനും പലസ്തീനിനും സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമിച്ചു ജീവിക്കാനുള്ള ഒരേയൊരു മാർഗ്ഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് വിശ്വസിക്കുന്നതിനാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര അഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കാനും, ഗാസയിലെ മാനുഷിക പ്രതിസന്ധി പരിഹരിക്കാനും ഹാരിസ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

അതേസമയം, ഫലസ്തീനിനെ അയർലൻഡ് ഒരു രാഷ്ട്രമായി അംഗീകരിച്ചത് ഇസ്രായേല്‍ അപലപിച്ചു. അത്തരം നീക്കങ്ങളെ അകാലവും സമാധാന പ്രക്രിയയ്ക്ക് വിപരീതവുമായാണ് ഇസ്രായെല്‍ കാണുന്നത്.

Print Friendly, PDF & Email

Leave a Comment

More News