ആലപ്പുഴ: ഒരു ജനപ്രിയ മലയാള സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അപകടകരമായ രീതിയില്‍ സ്റ്റണ്ടിന് ശ്രമിച്ചുവെന്നാരോപിച്ച് യൂട്യൂബറെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഓടുന്ന കാറിനുള്ളിൽ ടാർപോളിൻ ഷീറ്റ് വിരിച്ച് അതിൽ വെള്ളം നിറച്ച് താത്കാലിക നീന്തൽക്കുളം സ്ഥാപിച്ച് ജനശ്രദ്ധ നേടാന്‍ ശ്രമിച്ച സഞ്ജു ടെക്കി എന്ന യുവാവിനെയാണ് പിടികൂടിയത്.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന, വെള്ളം നിറച്ച കാറിൽ സഞ്ജുവും സുഹൃത്തുക്കളും ‘സഞ്ചരിക്കുന്ന സ്വിമ്മിംഗ് പൂളില്‍’ നീന്തിത്തുടിക്കുന്നതും കരിക്കിന്‍ വെള്ളം കുടിച്ച് ആസ്വദിക്കുന്നതുമായ വീഡിയോ യൂട്യൂബര്‍ സഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആയിരക്കണക്കിന് വ്യൂവേഴ്സിനെ നേടിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പിന്റെ ‘കുരുക്ക്’ വീണത് പെട്ടെന്നാണ്.
വിവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനാണ് യൂട്യൂബർക്കെതിരെ മോട്ടോർ വാഹന വകുപ്പ് ബുധനാഴ്ച കർശന നടപടി സ്വീകരിച്ചത്. വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സസ്പെൻഡ് ചെയ്തു.
തിരക്കേറിയ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിനുള്ളിലെ താത്ക്കാലിക സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുന്നതിനിടെ, ഡ്രൈവറുടെ സീറ്റിലേക്കും എഞ്ചിനിലേക്കും വെള്ളം കയറാൻ തുടങ്ങി. സഞ്ജുവും സുഹൃത്തുക്കളും വാഹനം പാതിവഴിയിൽ നിർത്തി വെള്ളം വറ്റിക്കാന്‍ ശ്രമിച്ചതോടെ റോഡില്‍ ഗതാഗത തടസ്സവും നേരിട്ടു.
വീഡിയോയ്‌ക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നതോടെ മോട്ടോർ വാഹന വകുപ്പ് സഞ്ജുവിനെ വിളിച്ചുവരുത്തി. തുടർന്ന് ബുധനാഴ്ച റോഡ് ട്രാൻസ്‌പോർട്ട് എൻഫോഴ്‌സ്‌മെൻ്റ്ഓഫീസർ മുമ്പാകെ ഹാജരായി. “അവർ അപകടകരമായ രീതിയിൽ വാഹനത്തിൽ നിന്ന് വെള്ളം റോഡിലേക്ക് തുറന്നുവിട്ടു, ഇത് റോഡിലെ മറ്റ് വാഹന ഉപയോക്താക്കൾക്ക് ഗുരുതരമായ സുരക്ഷാ ഭീഷണി സൃഷ്ടിച്ചു” എന്ന് ഒരു മുതിർന്ന എംവിഡി ഉദ്യോഗസ്ഥൻ ഇവിടെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ശിക്ഷയെന്ന നിലയിൽ, സഞ്ജുവും വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരും ഇവിടുത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാഴ്ച്ച സാമൂഹിക സേവനം നടത്താനും വകുപ്പിൻ്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കാനും നിർദ്ദേശിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
കാർ ഓടിച്ച ആളുടെ ലൈസൻസും ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്തിടെ ഒരു മലയാളം സിനിമയിൽ സ്വിമ്മിംഗ് പൂൾ രംഗം അവതരിപ്പിക്കാൻ യൂട്യൂബറും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു.