ഹെപ്പറ്റൈറ്റിസ് എ ബാധിച്ച വേങ്ങൂര്‍ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പഞ്ചായത്ത് ധനസഹായം നൽകുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തില്‍ ഏപ്രിൽ 18 മുതൽ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദുരിതത്തിലായ കുടുംബങ്ങളുടെ ആശുപത്രിച്ചെലവുകൾക്ക് ധനസഹായം നല്‍കാന്‍ ആരംഭിച്ച ഫണ്ട് സമാഹരണ യജ്ഞത്തിലൂടെ ഏകദേശം 4 ലക്ഷം രൂപ സമാഹരിച്ചു. ഗുരുതരാവസ്ഥയിലുള്ള ഏതാനും രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അവരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു.

ഇതുവരെ സമാഹരിച്ച നാല് ലക്ഷം രൂപയിൽ 75,000 രൂപ വീതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൈപ്പിള്ളി വാർഡിലെ അഞ്ജനയ്ക്കും ഭർത്താവ് ശ്രീകാന്തിനും നൽകിയതായി പഞ്ചായത്ത് ചെയർപേഴ്‌സൺ ശിൽപ സുധീഷ് പറഞ്ഞു.

കേരള വാട്ടർ അതോറിറ്റിയുടെ (കെഡബ്ല്യുഎ) ചൂരത്തോട് പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വിതരണം ചെയ്ത മലിനജലം കുടിച്ചതാണ് അപകടകാരണമെന്ന് സംശയിക്കുന്ന ഹെപ്പറ്റൈറ്റിസ് എ ബാധയെ തുടർന്ന് 220-ലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതോടെയാണ് വേങ്ങൂരിൽ ആരോഗ്യ പ്രതിസന്ധി നേരിട്ടത്.

രോഗം ബാധിച്ച് മരിച്ച രണ്ട് സ്ത്രീകളുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതം സഹായധനം കൈമാറിയതായി ചെയർപേഴ്‌സൺ അറിയിച്ചു. വക്കുവള്ളി കണിയാട്ടുപീടികയിൽ ജോളി രാജു (51) എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ മേയ് ഏഴിനും ചൂരത്തോട് കരിയംപുറത്ത് കാർത്ത്യായനി എംസി (51) കോട്ടയം സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മേയ് 19നുമാണ് മരിച്ചത്. അണുബാധ സ്ഥിരീകരിച്ച ഒരു കുട്ടിയുടെ കുടുംബത്തിനും ധനസഹായം നല്‍കിയതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

പൊതുജനങ്ങളിൽ നിന്നും പഞ്ചായത്തിലെ മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉദാരമായ സംഭാവനകൾക്ക് പുറമേ, അഞ്ജന തുടങ്ങിയ രോഗികൾക്ക് വിവിധ വ്യക്തികളിൽ നിന്ന് പിന്തുണയും ലഭിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി ഇവരുടെ കുടുംബത്തിന് കഴിഞ്ഞ ആഴ്ച വരെ 15 ലക്ഷം രൂപ ചെലവായി. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News