വനിതാ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ച സിആർപിഎഫ് ഡിഐജിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: അർദ്ധസൈനിക വിഭാഗത്തിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഖജൻ സിംഗിനെ കേന്ദ്ര സർക്കാർ വ്യാഴാഴ്ച (മെയ് 30) സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

2021-ല്‍ ഖജൻ സിംഗ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ ചീഫ് സ്‌പോർട്‌സ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സമയത്താണ് രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത്.

മുൻ ദേശീയ നീന്തൽ ചാമ്പ്യനാണ് ഖജൻ സിംഗ്, 1984 ൽ അർജുന അവാർഡ് ലഭിച്ചിട്ടുണ്ട്. 1986 സിയോൾ ഏഷ്യൻ ഗെയിംസിൽ 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്.

ലൈംഗിക പീഡന ആരോപണത്തെത്തുടർന്ന് 2021 ൽ സിആർപിഎഫ് സിംഗിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സിംഗ് ഈ ആരോപണങ്ങൾ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം, ‘തികച്ചും തെറ്റാണ്’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച (മെയ് 31) മുതൽ പ്രാബല്യത്തിൽ വന്ന, അദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ ഓഫീസ് വ്യാഴാഴ്ച ഉത്തരവിറക്കി. കഴിഞ്ഞ മാസങ്ങളിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് സിംഗിന് രണ്ട് കാരണം കാണിക്കൽ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഈ നടപടി.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് ആരംഭിച്ച ആഭ്യന്തര അന്വേഷണത്തിലാണ് സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സിംഗിനെ പിരിച്ചുവിടാൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. ഇത് മന്ത്രാലയം അംഗീകരിച്ചതിനെ തുടർന്നാണ് സിംഗിന് നോട്ടീസ് നൽകിയത്.

2021-ൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെ ഒരു വനിതാ കോൺസ്റ്റബിളിനെ സിംഗ് ലൈംഗികമായി ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്യുകയും, അവരെയും മറ്റ് വനിതാ കോൺസ്റ്റബിൾമാരെയും വർഷങ്ങളോളം ഭീഷണിപ്പെടുത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സിംഗ് തൻ്റെ സ്ഥാനവും അധികാരവും അർദ്ധസൈനിക വിഭാഗത്തിലെ മറ്റ് പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയും ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ ചെയ്തതെന്ന് കോൺസ്റ്റബിൾ ആരോപിച്ചിരുന്നു.

ഖജാൻ സിംഗും കൂട്ടാളി സുർജീത് സിംഗും സിആർപിഎഫിനുള്ളിൽ ലൈംഗികാതിക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നും അവർക്ക് നിരവധി കൂട്ടാളികൾ ഉണ്ടെന്നും എഫ്ഐആറിൽ ആരോപിക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. അവർ വനിതാ കോൺസ്റ്റബിൾമാരെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നും പറയപ്പെടുന്നു.

ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി ചിത്രീകരിക്കുകയും അതിൻ്റെ ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തതായും കോൺസ്റ്റബിൾ ആരോപിച്ചിരുന്നു.

ഇൻസ്‌പെക്ടർ ജനറലിന് (സിആർപിഎഫ്) ഔദ്യോഗികമായി പരാതി നൽകിയിരുന്നെന്നും എന്നാൽ പരാതി പിൻവലിക്കാൻ പ്രതികൾ തന്നെ നിർബന്ധിച്ചുവെന്നും അവർ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News