തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പ്രക്രിയയുടെ ആദ്യപടിയായി സ്‌ട്രോംഗ് റൂമുകൾ തുറന്നു. രാവിലെ ആറ് മണിയോടെയാണ് സ്‌ട്രോംഗ് റൂമുകൾ തുറന്നത്. രാവിലെ എട്ടോടെ യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാറ്റും. തപാൽ വോട്ടുകളുടെ എണ്ണൽ കൃത്യം എട്ട് മണിക്ക് ആരംഭിക്കും, തുടർന്ന് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ തുടങ്ങും.
നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌ട്രോംഗ് റൂമുകൾ തുറക്കുന്നത്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നിരീക്ഷിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ ജില്ലയിലെത്തി.
തിരുവനന്തപുരം ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ആറ് നിരീക്ഷകരാണുള്ളത്. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർത്ഥികൾ, തിരഞ്ഞെടുപ്പ് ഏജൻ്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറന്നത്. ലോഗ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം വീഡിയോ കവറേജോടെ നടപടികൾ ആരംഭിച്ചു.