സുരേഷ് ഗോപി വാക്കു പാലിച്ചു; ‘തൃശ്ശൂര്‍ ഞാനിങ്ങെടുത്തു’

തൃശൂർ: ത്രികോണ മത്സരത്തിനായി മലയാളികൾ ആവേശത്തോടെ കാത്തിരുന്ന തൃശൂർ മണ്ഡലത്തിൽ ഒടുവിൽ താമര വിരിഞ്ഞു. അട്ടിമറി വിജയത്തോടെ സുരേഷ് ഗോപി കേരളത്തിലെ ആദ്യ ബിജെപി എംപിയാകും.

കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരനെയും ഇടതു സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെയും പിന്നിലാക്കി 75,079 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തിൽ വിജയിച്ചത്. 40,92,39 വോട്ടുകൾ അദ്ദേഹം നേടിയപ്പോള്‍ എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാറിന് 3,341,60 വോട്ടുകളും, കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു.

2004ൽ എൻഡിഎ മുന്നണിക്ക് കേരളത്തിൽ നിന്ന് ഒരു എംപിയുണ്ടായിരുന്നെങ്കിലും അന്ന് ജയിച്ച് വാജ്‌പേയി മന്ത്രിസഭയിൽ അംഗമായ പിസി തോമസ് ബിജെപി സ്ഥാനാർഥിയായിരുന്നില്ല. തോമസ് പിന്നീട് എൻഡിഎ വിട്ടു. അതിന് ശേഷം പിന്നീട് നടന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല.

ഇപ്പോൾ സുരേഷ് ഗോപി വിജയിച്ച തൃശ്ശൂരിൻ്റെ കാര്യമെടുത്താൽ 2019ൽ സുരേഷ് ഗോപി ആദ്യമായി മത്സരിക്കുന്നത് വരെ ബി ജെ പിക്ക് വിജയസാധ്യത പോലുമില്ലാതിരുന്ന മണ്ഡലമാണ്. 2014ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി കെ പി ശ്രീശൻ 102,681 വോട്ടുകൾ മാത്രമാണ് നേടിയത്. അതായത് വെറും 11.15 ശതമാനം വോട്ട്.

എന്നാൽ, സുരേഷ് ഗോപി ആദ്യമായി മത്സരിച്ചപ്പോൾ വോട്ട് ശതമാനം കുത്തനെ ഉയർന്നു. കന്നിയങ്കത്തില്‍ സുരേഷ് ഗോപി 2,93,822 വോട്ടുകൾ നേടിയെടുത്തതോടെ വോട്ട് ശതമാനം കുത്തനെ ഉയർന്ന് 28.19 ആയി. കൂടാതെ, മണ്ഡലം കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വിജയത്തില്‍ കലാശിച്ചു. പരാജയത്തില്‍ അടിപതറാതെ കഴിഞ്ഞ അഞ്ച് വർഷമായി മണ്ഡലത്തിൻ്റെ എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു സുരേഷ് ഗോപി. രാജ്യസഭാ എംപി എന്ന നിലയിൽ മണ്ഡലത്തിൽ നിരവധി വികസന പ്രവർത്തനങ്ങളും അദ്ദേഹം നടത്തി.

തന്റെ എതിർ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഇക്കുറി സുരേഷ് ഗോപി തൃശൂരിൽ വിജയം കൊയ്‌തത്. അർഹിച്ച വിജയം എന്നാണ് സുരേഷ് ഗോപിയുടെ മുന്നേറ്റത്തെ തൃശൂരുകാർ വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടുവന്ന് പ്രചാരണം നടത്തിയ മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് മോദി അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും തൃശൂര്‍ മണ്ഡലത്തിലായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മഹിള മോര്‍ച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത്.

അതുകൂടാതെയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. ഒരു കാരണവരുടെ സ്ഥാനത്തുനിന്നാണ് പ്രധാനമന്ത്രി വിവാഹം നടത്തിക്കൊടുത്തത്. ഇതെല്ലാം സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ വളരെ വേണ്ടപ്പെട്ടയാളാണെന്ന പ്രതീതി ജനിപ്പിച്ചു.

പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ തൃശൂരിലെത്തി റോഡ് ഷോയിലും റാലിയിലുമൊക്കെ പങ്കാളികളായി. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി ഭരണം മാത്രം കണ്ട മലയാളി വോട്ടര്‍മാര്‍ക്കിടയിലേക്ക് പുതിയ വികസന ഭരണ മാതൃക പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയത് കൗതുകമായി. ഭക്തിയും മതവുമല്ല വികസനവും രാഷ്‌ട്രീയവും മാത്രമാണ് പ്രധാനമന്ത്രി കേരളത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും വരെ പരാമര്‍ശിച്ചത്.

മോദി പ്രഭാവത്തിനൊപ്പം സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൂടി ചേർന്നപ്പോൾ തൃശൂരിന്‍റെ ജന്മനസ്സ് രാഷ്‌ട്രീയം നോക്കാതെ താമര ചിഹ്നത്തിൽ വോട്ട് ചെയ്‌തു എന്നുവേണം ഈ മുന്നേറ്റത്തിൽ നിന്ന് മനസ്സിലാക്കാൻ. മണ്ഡലത്തിൽ നിർണായകമായ ക്രിസ്‌ത്യൻ വോട്ടുകളടക്കം സുരേഷ് ഗോപിക്ക് നേട്ടമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മണ്ഡലത്തിൽ 24.27 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനും അദ്ദേഹം ശ്രമിച്ചു. ലൂർദ് മാതാ പള്ളിക്ക് സ്വർണ്ണകിരീടം സമ്മാനിച്ചും, സഭാ മേലധികാരികളുടെ അനുഗ്രഹം വാങ്ങിയും, പള്ളി ആഘോഷങ്ങളിൽ പങ്കെടുത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരിൽ തിരക്കിലായിരുന്നു.

കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനാണ് ഈ കരുതലോടെയുള്ള അദ്ദേഹത്തിന്റെ നീക്കം. 24.27 ശതമാനം ക്രിസ്ത്യൻ വോട്ടുകളുള്ള തൃശൂർ പോലൊരു മണ്ഡലത്തിൽ ഈ നീക്കം നിർണായകമായിരുന്നു. സി.പി.എമ്മിൻ്റെ സഹകരണ ബാങ്ക് തട്ടിപ്പിൻ്റെ മുഖമുദ്രയായി കരുവന്നൂർ വിഷയം ഉയർത്തിക്കാട്ടാൻ ബി.ജെ.പിയും സുരേഷ് ഗോപിയും നടത്തിയ ശ്രമങ്ങളും തിരഞ്ഞെടുപ്പ് കോലാഹലത്തെ സ്വാധീനിച്ചുവെന്ന് വേണം കരുതാൻ.

 

 

Print Friendly, PDF & Email

Leave a Comment

More News