പാട്ടും പാടി ജയിക്കാമെന്ന് കരുതിയ രമ്യ ഹരിദാസിന് അടി തെറ്റി; ആലത്തൂരില്‍ എല്‍ ഡി എഫിന്റെ കെ രാധാകൃഷ്ണന് ഉജ്വല വിജയം

ആലത്തൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫിൻ്റെ ഏക വിജയിയായി കെ രാധാകൃഷ്ണൻ. ആലത്തൂർ മണ്ഡലത്തിൽ യു ഡി എഫിന്റെ സിറ്റിംഗ് എംപി രമ്യാ ഹരിദാസിനെ 20,111 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ പരാജയപ്പെടുത്തിയത്.

കെ രാധാകൃഷ്ണൻ 403447 വോട്ടുകൾ നേടിയപ്പോള്‍ രമ്യ ഹരിദാസിന് ലഭിച്ചത് 383336 വോട്ടുകളാണ്. എൻഡിഎ സ്ഥാനാർഥി ടിഎൻ സരസു 188230 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. ഇരുപതില്‍ 18 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയക്കൊടി പാറിച്ചപ്പോൾ എൽ.ഡി.എഫിൻ്റെ തീക്കനൽ നിലനിറുത്താൻ പിണറായി സർക്കാരിലെ മന്ത്രി കൂടിയായിരുന്ന രാധാകൃഷ്ണന് കഴിഞ്ഞു.

1996ലാണ് രാധാകൃഷ്ണന്‍ ആദ്യമായി ചേലക്കരയില്‍ നിന്ന് നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2001, 2006, 2011, 2021ലും വിജയിച്ചു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തിയ രാധാകൃഷ്ണന്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി -വര്‍ഗ ക്ഷേമമന്ത്രിയായി. 2001ല്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായി. 2006 ല്‍ നിയമസഭാ സ്പീക്കറുമായി.

സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ദളിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റ്, ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്, കേരള സംസ്ഥാന കളിമണ്‍ പാത്ര നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ എം സി കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനായി 1964 മെയ് 24ന് പുള്ളിക്കാനത്ത് ജനനം. കൊച്ചുണ്ണി പുള്ളിക്കാനത്ത് തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂര്‍ക്കരയില്‍ അമ്മ ചിന്നയോടൊപ്പമാണ് നിലവില്‍ താമസം. അവിവാഹിതനാണ്.

2019-ല്‍ സിപിഎമ്മിന്‍റ കൈയ്യില്‍ നിന്ന് ആലത്തൂര്‍ മണ്ഡലം അക്ഷരാര്‍ഥത്തില്‍ പിടിച്ചെടുക്കുകയായിരുന്നു രമ്യ ഹരിദാസ്. സിപിഎമ്മിലെ പികെ ബിജുവിനെതിരെ ഒന്നര ലക്ഷത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു രമ്യ ഹരിദാസിന്‍റെ വിജയം. മന്ത്രി കെ രാധാകൃഷ്‌ണനെ തന്നെ ഇത്തവണ മണ്ഡലത്തില്‍ ഇറക്കിയപ്പോള്‍ നഷ്‌ടപ്പെട്ട പ്രതാപം തിരികെപ്പിടിക്കുക എന്നതിനപ്പുറം മറ്റൊന്നും സിപിഎം കണക്കുകൂട്ടിയിരുന്നില്ല. മന്ത്രി എന്ന നിലയില്‍ രാധാകൃഷ്‌ണനുള്ള ജനസമ്മിതി അനുകൂലമാകുമെന്ന് സിപിഎമ്മിന് പ്രതീക്ഷിയുണ്ടായിരുന്നു.

മറുവശത്ത്, കന്നി വിജയത്തിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു രമ്യ ഹരിദാസ് മണ്ഡലത്തിൽ പോരാടിയത്. ബിഡിജെഎസിൽ നിന്ന് മണ്ഡലം പിടിച്ചെടുത്ത ബിജെപി പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ ടി എൻ സരസുവിനെയാണ് മത്സരിപ്പിച്ചത്.

ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ 73.20 ശതമാനമാണ് പോളിംഗ് ശതമാനം. 2019ലെ 80.42 ശതമാനത്തേക്കാൾ ഏഴുശതമാനം കുറവാണിത്. കെ രാധാകൃഷ്ണൻ എംഎൽഎ ആയ ചേലക്കരയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് കുറഞ്ഞത് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർത്ഥികളെ ഒരുപോലെ തളർത്തി.

 

Print Friendly, PDF & Email

Leave a Comment

More News