മെക്സിക്കോ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കാലാവസ്ഥാ ശാസ്ത്രജ്ഞയായ ക്ലോഡിയ ഷെയിൻബോം. ഇതോടെ മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റ് എന്ന നേട്ടവും ക്ലോഡിയ ഷെയിൻബോം സ്വന്തമാക്കി. 82 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 58.8 ശതമാനം വോട്ടുകളാണ് അവര്‍ക്ക് ലഭിച്ചത്. മെക്സിക്കൻ പ്രസിഡന്റ് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച ക്ലോഡിയ ഷെയിൻബോം മെക്സിക്കോ സിറ്റിയുടെ മേയറായിരുന്നു.
“രാജ്യത്തിൻ്റെ റിപ്പബ്ലിക്കിൻ്റെ 200 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഞാൻ മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റാകും. വൈവിധ്യമാർന്ന ജനാധിപത്യ മെക്‌സിക്കോയിൽ ഞങ്ങൾ വിജയിച്ചു. സമ്പന്നമായ മെക്സിക്കോ കെട്ടിപ്പടുക്കാന്‍ നാം സമാധാനത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകണം,” അവര്‍ പറഞ്ഞു.
2007-ൽ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ച യുഎൻ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പാനലിൻ്റെ ഭാഗമായിരുന്നു
ഷെയ്ന്‍ബോം. ഞായറാഴ്ച രാത്രി നടന്ന തൻ്റെ വിജയ പ്രസംഗത്തിൽ, നിലവിലെ പ്രസിഡൻ്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന് നന്ദി പറയുകയും അദ്ദേഹത്തെ അസാധാരണ മനുഷ്യനെന്ന് വിളിക്കുകയും ചെയ്തു. മെക്‌സിക്കോയുടെ പുരോഗതിക്കായി ലോപ്പസ് പ്രവർത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.