ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ് കഫേ മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കഫെറ്റീരിയയുടെ – അപ് കഫേ – ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ്. സി .കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍ നൈപുണികള്‍ വളര്‍ത്തുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനുമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുട്ടികളെയാണ് കഫെറ്റീരിയയുടെ ഭാഗമാക്കുന്നത്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയാണ് ഇവര്‍ കഫെറ്റീരിയയില്‍ പ്രവര്‍ത്തിക്കുക. സന്ദര്‍ശകരെ ക്ഷണിച്ചിരുത്തുന്നതു മുതല്‍ അവര്‍ക്കു വേണ്ട ഭക്ഷണങ്ങള്‍ വിതരണം ചെയ്തും അതു കഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതു വരെയുള്ള എല്ലാ ജോലികളും ഭിന്നശേഷിക്കാര്‍ തന്നെ നിര്‍വഹിക്കും. പഴയ ഒരു വാഹനത്തെയാണ് കഫെറ്റീരിയയായി രൂപാന്തരം ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഒരേ സമയം ലഘുഭക്ഷണം കഴിക്കാം. ഒരു അടുക്കളയും ഇതിനകത്തുണ്ട്.

Print Friendly, PDF & Email

Leave a Comment

More News