ഡിഫറന്റ് ആര്‍ട്ട് സെന്ററില്‍ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

അപ് കഫേ തുടങ്ങാന്‍ ഗതാഗത വകുപ്പില്‍ നിന്നും ബസ് വാഗ്ദാനം ചെയ്ത് മന്ത്രി

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടക്കുന്നതെന്നും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണ് തോന്നുന്നതെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കേരളത്തിന് ഒരഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ് കഫെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയായി കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ഒരു സി.എന്‍.ജി ബസ് നല്‍കാമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. അപ് കഫേയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ മാത്രം ഒതുക്കാതെ അത് പുറംലോകത്ത് കൂടി എത്തേണ്ടതുണ്ടെന്നും അതോടൊപ്പം ഈ കുട്ടികളുടെ അമ്മമാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ കൂടി ഈ ബസില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭിന്നശേഷിക്കുട്ടികളുടെ തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമായാണ് സംരംഭം ആരംഭിച്ചത്. പഴയൊരു വാഹനത്തെയാണ് കഫെറ്റീരിയയായി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയാണ് കുട്ടികള്‍ പ്രവര്‍ത്തിക്കുക. ഇരുപത്തിയഞ്ചോളം പേര്‍ക്ക് ഒരേ സമയം ഇരുന്ന് ലഘുഭക്ഷണം കഴിക്കാനാവുന്ന സജീകരണങ്ങളാണ് കഫെറ്റീരിയയില്‍ ഒരുക്കിയിട്ടുള്ളത്.

ഇതൊരു സ്വപ്‌ന സംരംഭം ആയിരുന്നുവെന്നും ഈ ആശയം ജപ്പാന്‍ സന്ദര്‍ശന വേളയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആരംഭിച്ചതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ്. സി .കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അപ് കഫെറ്റീരിയയിലെത്തുന്ന സന്ദര്‍ശകരുടെ ആവശ്യാനുസരണം ചായയും കോഫിയും ചെറുകടികളും ഇവിടെ നിന്നും ലഭിക്കും. എല്ലാദിവസവും വൈകുന്നേരം 3.30 മുതല്‍ 4.30വരെയാണ് കഫേ പ്രവര്‍ത്തിക്കുന്നത്. ഒരു കഫെറ്റീരിയയില്‍ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും സെന്റര്‍ കൃത്യമായി കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. സന്ദര്‍ശകരെ ക്ഷണിച്ചിരുത്തുന്നതുമുതല്‍ അവര്‍ക്കുവേണ്ട ഭക്ഷണങ്ങള്‍ വിതരണം ചെയ്തും അതുകഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതുവരെയുള്ള എല്ലാ ജോലികളും ഭിന്നശേഷിക്കാര്‍ തന്നെയാണ് ചെയ്യുന്നത്.

സെന്ററിലെ ടോണി സിറില്‍, കണ്ണന്‍.വി, തുഷാര സ്റ്റാലിന്‍, ജയലക്ഷ്മി.റ്റി.ജി, ശ്രീധിന്‍ പി.വി, അരവിന്ദ് എസ്.എസ്, റെന്‍ കാര്‍ത്തിക്, ബിനീഷ് എസ്.ബി, അഗ്‌നീഷ് വി.നാഥ് എന്നീ കുട്ടികളാണ് നിലവില്‍ തൊഴില്‍ പരിശീലനം നേടുന്നത്. സെന്ററിലെ മറ്റ് ഡൗണ്‍സിന്‍ഡ്രോം കുട്ടികളെയും പരിശീലിപ്പിക്കും. കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റിലും പുറത്തും ഇത്തരത്തിലുള്ള കഫെറ്റീരിയകളില്‍ ജോലിസാധ്യത ഉറപ്പാക്കുന്നതിനായാണ് പരിശീലനം നടപ്പിലാക്കുന്നത്

മാജിക്കിലേയ്ക്ക് മടങ്ങിവരാന്‍ മുതുകാടിന് മന്ത്രിയുടെ നിവേദനം

തിരുവനന്തപുരം: വിസ്മയങ്ങള്‍ കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന ഗോപിനാഥ് മുതുകാടിനെ ഇത്തവണ ഞെട്ടിച്ച് മന്ത്രി കെ. ബി ഗണേഷ് കുമാര്‍. മാജിക്കിലേയ്ക്ക് മടങ്ങിവരാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിവേദനം നല്‍കിയാണ് മന്ത്രി മുതുകാടിനെയും കാണികളെയും ഒന്നടങ്കം ഞെട്ടിച്ചത്. ഡിഫറന്റ് ആര്‍ട്‌സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടന ചടങ്ങിലാണ് അത്യന്തം ആവേശം നിറച്ച നിമിഷങ്ങള്‍ അരങ്ങേറിയത്.

മാജിക്കിന്റെ ലോകത്ത് അപാരമായ സാധ്യതകള്‍ പരീക്ഷിച്ച് ജനപ്രിയമാക്കിയ കലാകാരന്‍ മാജിക്കില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നത് ശരിയല്ലെന്നും അതിനാല്‍ മാജിക്കിലേയ്ക്ക് തിരിച്ചുവരണമെന്നും തന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ തയ്യാറാക്കിയ നിവേദനത്തില്‍ പറയുന്നു. സാധാരണ മന്ത്രിക്കാണ് നിവേദനം നല്‍കുന്നത്. മന്ത്രി ഒരു കലാകാരന് നിവേദനം നല്‍കുന്നത് ഇതാദ്യമാണ്. അതിനാല്‍ മന്ത്രിയുടെ ആവശ്യം തീര്‍ച്ചയായും പരിഗണിക്കണം. ഒരു കലാകാരന്‍ ലൈം ലൈറ്റില്‍ നില്‍ക്കുമ്പോള്‍ മാത്രമാണ് അതിന്റെ ഗുണം കലയ്ക്കും അതോടൊപ്പം പൊതുജനങ്ങള്‍ക്കും ലഭിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിഞ്ഞെങ്കിലും കലയും കാരുണ്യവും ഒരുപോലെ കൊണ്ടുപോകാന്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണം ഇരുവിഭാഗത്തിനും ലഭിക്കും. കഥാപ്രസംഗത്തില്‍ സാംബശിവന്‍ എന്ന പോലെ മാജിക്കിന് മുതുകാടാണ്. പകരം വയ്ക്കാനില്ലാത്ത ആ കലാകാരന്‍ ഇന്ദ്രജാലത്തെ ഉപേക്ഷിക്കുവാന്‍ പാടില്ല. അതുകൊണ്ട് മന്ത്രിയുടെ അഭ്യര്‍ത്ഥനയെ മാനിക്കണമെന്നും മന്ത്രി മുതുകാടിനോട് പറഞ്ഞു.

2021 നവംബറിലാണ് മുതുകാട് ഇന്ദ്രജാല രംഗത്തോട് വിടപറഞ്ഞത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്നതിനും അതിനുവേണ്ടി തിരുവനന്തപുരം കഴക്കൂട്ടത്ത് ആരംഭിച്ച ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും വേണ്ടിയാണ് അന്ന് മുതുകാട് മാജിക് രംഗത്തുനിന്നും വിടപറഞ്ഞത്. മന്ത്രിയുടെ ആവശ്യത്തെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് മുതുകാട്.

Print Friendly, PDF & Email

Leave a Comment

More News