തിരുവുത്സവ ആഘോഷങ്ങൾക്കായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു

അതിവിപുലമായ ആചാര, അനുഷ്ഠാന ആഘോഷങ്ങളോടെയാണ് ഇത്തവണത്തെ പ്രതിഷ്ഠാദിനവും തിരുവുത്സവവും ജൂലൈ 6 മുതൽ 18 വരെ മൂന്ന് ഘട്ടങ്ങളിലായി നടത്താൻ ഉദ്ദേശിച്ചുട്ടുള്ളത്. 2019 ൽ നടന്ന മഹാപ്രതിഷ്ഠയ്ക്ക് ശേഷം അഞ്ചാമത്തെ പ്രതിഷ്ഠാ ദിനാഘാഷം ജൂലൈ 11 വ്യാഴാഴ്ച മിഥുന മാസത്തിലെ ഉത്രം നക്ഷത്തലാണ് വരുന്നത്.

ജൂലൈ 6 ശനിയാഴ്ച മുതൽ തുടങ്ങുന്ന ശുദ്ധി-ദ്രവ്യകലശ ക്രിയകൾ ക്ഷേത്രത്തിന്റെയും ഭക്തരുടെയും ചെതന്യ വർദ്ധനയ്ക്കും ദോഷ നിവാരണത്തിനും ഉന്നമനത്തിനും ഉതകുന്നതാണ്. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങി ക്രിയകൾക്കു പുറമെ, പ്രായശ്ചിത്ത ഹോമം, ശാന്തി ഹോമങ്ങൾ എന്നീ ഹോമ കലശ അഭിഷേകങ്ങളും ഈ ദിവസങ്ങളിൽ ഉണ്ടാവും. അത്യധികം സവിശേഷമായ തത്വഹോമ കലശങ്ങളും ബ്രഹ്മ കലശ അഭിഷേകവും ജൂലൈ 10, 11 തീയതികളിലായി ഗുരുവായൂരപ്പന് നടത്തുന്നതാണ്.

ജൂലൈ 11 പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക പൂജകൾക്ക് പുറമെ പരികലശാഭിഷേകം ശ്രീഭൂതബലി എന്ന ചടങ്ങുകളും ഉണ്ടാവും. വൈകീട്ട് കൊടി കയറി, 8 ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് ശുഭാരംഭം കുറിക്കുകയായി. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും മൂന്നു നേരം ശീവേലി, വിളക്കാചാരം, സന്ധ്യ വേല, നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവ ഉണ്ടായിരിക്കും. ജൂലൈ 14 ഞായറാഴ്‌ച ഉത്സവ ബലി ആചരിക്കുമ്പോൾ മാതൃക്കൽ തൊഴൽ വളരെ വിശേഷമായി കരുതുന്നു. ജൂലൈ 17 ബുധനാഴ്ച വൈകീട്ട് ശ്രീ ഗുരുവായൂരപ്പൻ പള്ളിവേട്ടയ്ക്ക് പുറത്തേക്കു എഴുന്നള്ളി പഞ്ചവാദ്യത്തോടെ തിരിച്ചെത്തുന്നു. അന്നത്തെ പള്ളിയുറക്കത്തിന് ശേഷം ജൂലൈ 18 ഞായറഴ്ച രാവിലെ പള്ളിയുണർത്തലും പ്രത്യേക അഭിഷേകവും പൂജകളും നടത്തുന്നു. അന്ന് തന്നെ വൈകുന്നേരം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാൻ ആറാട്ടിനെഴുന്നള്ളി, ആറാട്ട് നടത്തി ദീപാരാധന കഴിഞ്ഞു തിരിച്ചെത്തിയ ശേഷം തിരുവുത്സവത്തിനു കൊടിയിറങ്ങുന്നു.

കേരളത്തിൽ നിന്ന് പ്രഗത്ഭരായ വാദ്യക്കാരും ആചാര്യന്മാരും ഈ ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും നടത്തിപ്പിന്റെ ഭാഗമാകാൻ എത്തി ചേരുന്നുണ്ട്. പഞ്ചാരി മേളം ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും ഉണ്ടായിരിക്കും. സന്ധ്യ വേല, തായമ്പക, കേളി, പഞ്ച വാദ്യം, വിളക്കാചാരം എന്നീ ക്ഷേത്രാചാരത്തിന്റെ ഭാഗമായ എല്ലാ മേള വാദ്യങ്ങളും തയ്യാറാക്കുന്നുണ്ട്.

ദീപാലങ്കാരവും ചുറ്റുവിളക്ക്-നിറമാലയും ക്ഷേത്രത്തിന്റെ വർണഭംഗി കൂട്ടുമ്പോൾ, വൈവിധ്യമാർന്ന കലാ സംകാരിക പരിപാടികളും കലശ ഉത്സവ ദിനങ്ങളിൽ ഉടനീളം ഉണ്ടായിരിക്കും. കഥകളി, ചാക്യാർ കൂത്ത്, മോഹിനിയാട്ടം, ഭാരത നാട്യം, സംഗീത കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവയുടെ നീണ്ട നിര തന്നെ ഉണ്ട്.

ആഘോഷ ദിനങ്ങളിലുടനീളം നിത്യേന മൂന്നു നേരവും അന്നദാനവും ഉണ്ടായിരിക്കും.

കലശ ക്രിയകളും അഭിഷേകവും കൂടാതെ പലവിധത്തിലുള്ള പൂജകളും ഭക്തജനങ്ങൾ വഴിപാടായി നടത്തുവാൻ അവസരമുണ്ടായിരിക്കും. ശുദ്ധി കലശക്രിയകളും പ്രതിഷ്ഠാദിന ചടങ്ങുകളും ക്ഷേത്രത്തിന് വിശുദ്ധിയും ഐശ്വര്യവും ഉണ്ടാക്കുന്നതോടൊപ്പം ഭക്തജനങ്ങളുടെ ഭൗതികവും ആത്മീയവുമായ ഉന്നമത്തിന് വഴി തെളിക്കുകയും കൂടി ചെയ്യും. എല്ലാ ഭക്തര്ക്കും ഒത്തൊരുമിച്ചു കൂടി ആസ്വദിക്കാനുള്ള അവസരം കൂടിയാണ് അതി ഗംഭീരമായ ഇത്തവണത്തെ ഉത്സവാഘോങ്ങൾ.

പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി നടക്കുന്ന പറയെടുപ്പ് (ഭഗവത് ചൈതന്യം ഭക്തരുടെ ഗൃഹത്തിലെത്തി പറ സ്വീകരിക്കുന്ന ചടങ്ങു ആണിത്) ഏപ്രിൽ മാസത്തിൽ മുതൽ വളരെ നന്നായി തന്നെ നടന്നു വരുന്നു. ഒന്റാരിയോയോയിൽ ഉടനീളം നൂറു കണക്കിന് ഭക്തഗൃഹങ്ങളിൽ ഭക്തജന പങ്കാളിത്തത്തോടെ ഭക്തിപൂർവ്വമായ ഒരു അനുഭവമായി പറയെടുപ്പ് എന്ന് കാണാം. ജൂൺ 30നു നടക്കുന്ന പറ സമാപനത്തിനു ശേഷം ജൂലൈ 6 മുതൽ കലശ-പ്രതിഷ്ഠാദിന-തിരുവുത്സവം ആചരണം ആരംഭിക്കുകയായി.എല്ലാ ഭക്തരുടെയും പങ്കാളിത്തം ഈ ആഘോഷങ്ങളിൽ ഉടനീളം ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികളും തന്ത്രി ശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി www.guruvayur.ca സന്ദർശിക്കുക

Print Friendly, PDF & Email

Leave a Comment

More News