ഹ്യൂസ്റ്റണ്‍: അമേരിക്കയിൽ പര്യടനം നടത്തുന്ന യു എ ഇ യിലെ അൽ ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഐസക്ക് ജോൺ പട്ടാണിപറമ്പിലിന് ഫ്രണ്ട്സ് ഓഫ് വേൾഡ് മലയാളി കൗൺസിലും ഐ പി സി എൻ എ യും ചേർന്നു നൽകിയ ഊഷ്മളമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രോംപ്റ്റ് റീയൽറ്റി ഓഡിറ്റോറിയത്തിലാണ് യോഗം അരങ്ങേറിയത്.
1991 ൽ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിംഗ് തുടങ്ങിവച്ച സ്വകാര്യ വ്യവസായ നയങ്ങൾക്ക് കരുത്തേകി അതിൻ്റെ പാരമ്യത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി പരിലസിക്കുമ്പോൾ അത് എൻ്റെ രാജ്യം എന്ന അഭിമാനം ഓരോ പ്രവാസിക്കും ഉണ്ടാകണം, നമ്മുടെ രാഷ്ട്രീയം എന്തു തന്നെ ആയാലും. അമേരിക്ക അവസരങ്ങളുടെ നാട് എന്നറിയപ്പെടുമെങ്കിൽ ഇന്ന് അത് ഇന്ത്യയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസരങ്ങൾ മുതലാക്കാൻ പ്രവാസികൾ ശ്രമിക്കണം. ഇന്ത്യയുടെ നേട്ടങ്ങളുടെ പത്രിക ഉദ്ധരിച്ചുകൊണ്ട് ഐസക്ക് പറഞ്ഞു.
യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സ്വാഗതമാശംസിച്ച മലയാളി അസോസിയേഷൻ മുന്‍ പ്രസിഡന്റും, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൻ പ്രോവിൻസ് സ്ഥാപകനുമായ എസ് കെ ചെറിയാൻ, മലയാളികൾ തങ്ങളുടെ അസ്ഥിത്വം അംഗീകരിക്കുമ്പോൾ തന്നെ ഇന്ത്യന്‍ സമൂഹവുമായി കൂടുതൽ ഇഴുകി ചേരാൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചു.
സ്‌റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മാഗ് പ്രസിഡന്റ് മാത്യു മുണ്ടക്കൽ, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹ്യൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്റും, ‘നേർക്കാഴ്ച’ ചീഫ് എഡിറ്ററുമായ സൈമൺ വാളച്ചേരിൽ, പ്രോംപ്റ്റ് റിയൽറ്റി ജോൺ ഡബ്ലിയു വർഗീസ്, ശ്രീമതി പൊന്നു പിള്ള, വർഗീസ് മാത്യു (രാജേഷ്) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ഐസക്ക് ജോൺ സ്ഥാപകനായിട്ടുള്ള യു എ ഇ കലാഭവൻ മുൻ അംഗം സെബാൻ ഗാനം ആലപിച്ചു. ആർ ജെ റെയ്നാ റോക്ക് എംസി ആയിരുന്നു.