ലണ്ടന്‍: കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാള്‍ ആഘോഷം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ജൂണ്‍ 7 വെള്ളിയാഴ്ച ഇടവക വികാരി ഫാ. സജി ചാഴിശ്ശേരില്‍ പുതുതായി നിര്‍മ്മിച്ച കൊടിമരം വെഞ്ചരിപ്പിനു ശേഷം കൊടിയേറ്റ് നടത്തി. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്കു ശേഷം ഫാ.ജോബി കുന്നത്ത് CMI യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പാട്ടുകുര്‍ബ്ബാന നടത്തപ്പെട്ടു.
ജൂണ്‍ 8 ശനിയാഴ്ച വൈകുന്നേരം ആഘോഷമായ പാട്ടു കുര്‍ബ്ബാനയ്ക്ക് ഫാ. പ്ലോജന്‍ ആന്റണി കണ്ണമ്പുഴ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസ് തറയ്ക്കല്‍ വചന സന്ദേശം നല്‍കി. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഇടവകാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് 2 മണിക്കൂര്‍ നേരം നടത്തിയ കലാസന്ധ്യ കണ്ണിനും കാതിനും കുളിര്‍മയേകുന്ന ഒന്നായി മാറി. ഇടവകാംഗങ്ങള്‍ ഒത്തു ചേര്‍ന്ന് തയ്യാറാക്കിയ പിടിയും കോഴിയും സ്‌നേഹവിരുന്നിന് മാറ്റുകൂട്ടി.
പ്രധാന തിരുനാള്‍ ദിവസമായ ജൂണ്‍ 9 ന് ഫാ. സജി പിണര്‍കയിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുനാള്‍ റാസ നടത്തപ്പെട്ടു. ഫാ.ജോബി കുന്നത്ത് തിരുനാള്‍ സന്ദേശം നല്‍കി. വെരി.റവ ഫാ. പത്രോസ് ചമ്പക്കര, ഫാ. ജോബി കുന്നത്ത് ഫാ. മാത്യു, ഫാ. ജയ്‌സണ്‍ OFM cap എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. നിരവധി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണം ശ്രദ്ധേയമായി.
പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു. അതിനു ശേഷം ഏവര്‍ക്കും സ്‌നേഹവിരുന്ന് ഒരുക്കിയിരുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നടന്ന ഏലക്കാ മാല ലേലം വിളി കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയ്ക്ക് നടത്തപ്പെട്ടു. നിരവധി കമ്മിറ്റികളുടെ സഹകരണത്തോടെ വികാരി ഫാ. സജി ചാഴിശ്ശേരില്‍ കൈക്കാരന്മാരായ ഡിനു പെരുമാനൂര്‍,ചഞ്ചല്‍ മണലേല്‍ സെക്രട്ടറി സിബു താളിവേലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.