കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇ കെ നായനാരുടെ വസതിയിലെത്തി

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ കണ്ണൂർ കല്ല്യാശേരിയിലെ വീട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സുരേഷ് ഗോപി വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് ഇ.കെ നായനാരുടെ വീട്ടിലെത്തിയത്.

പാവപ്പെട്ടവരെ സഹായിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും മന്ത്രിയായി തിളങ്ങാൻ കഴിയുമെന്നും നായനാരുടെ ഭാര്യ ശാരദ ടീച്ചർ പറഞ്ഞു. നായനാരുടെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. നായനാരെക്കുറിച്ചുള്ള പുസ്തകം നല്‍കിയാണ് നായനാരുടെ ഭാര്യ ശാരദ ടീച്ചർ സുരേഷ് ഗോപിയെ സ്വീകരിച്ചത്.

ശാരദ ടീച്ചർ നൽകിയ ഉച്ചഭക്ഷണവും കഴിച്ചാണ് സുരേഷ് ഗോപി മടങ്ങിയത്. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ
ടീച്ചര്‍ സുരേഷ് ഗോപിയെ അഭിനന്ദിക്കാനും മടിച്ചില്ല. ബിജെപി സംസ്ഥാന നേതാക്കളെ പൂർണമായും ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ സന്ദർശനം. ശാരദ ടീച്ചര്‍ പിതൃസഹോദരിയെ പോലെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

രാവിലെ കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി പി.വി.ഗംഗാധരൻ്റെ വസതിയിലും സന്ദര്‍ശനം നടത്തി. പി.വി.ഗംഗാധരൻ്റെയും എം.വി.ശ്രേയാംസ്കുമാറിൻ്റെയും മക്കളും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. കോഴിക്കോട്ടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളിലും അദ്ദേഹം ദര്‍ശനം നടത്തി. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് നൽകിയത്.

Print Friendly, PDF & Email

Leave a Comment

More News