ആലപ്പുഴ: മുഹമ്മയിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബ് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഹമ്മ പഞ്ചായത്ത് നാലാം വാർഡിലെ കായിപ്പുറത്താണ് ചത്ത കാക്കകളെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ജില്ലാ വെറ്ററിനറി ഓഫീസർ ജോയ് ഫ്രാൻസിസിൻ്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കാക്കയുടെ ജഡം ഭോപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ലാബിൽ പക്ഷിപ്പനി ബാധിത പ്രദേശത്ത് ചത്ത കാക്കകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകിട്ടാണ് ഭോപ്പാലിൽ നിന്ന് ഫലം വന്നത്.
മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിലാണ് പക്ഷിപ്പനി ആദ്യം സ്ഥിരീകരിച്ചത്. പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 3064 വളർത്തു പക്ഷികളെ കൊന്ന് കത്തിച്ചു കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മ പഞ്ചായത്ത് നാലാം വാർഡിൽ കാക്കകൾ ചത്തത്. പക്ഷിപ്പനിയാണെന്ന് സംശയം തോന്നിയതിനാലാണ് അവയുടെ സാമ്പിളുകൾ എടുത്ത് രോഗനിർണയ പരിശോധനയ്ക്കായി ഭോപ്പാലിലെ സെൻട്രൽ ലാബിലേക്ക് അയച്ചത്.